ഹരിപ്പാട്: ഹരിപ്പാട്-വീയപുരം റോഡിലെ തൃപ്പക്കുടം റെയിൽ ക്രോസ് കടക്കാൻ പെടാപ്പാട് പെടുകയാണ് യാത്രക്കാർ. യാത്രാ പ്രതിസന്ധി നേരിടുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാതെ റെയിൽവേ ജനത്തെ ദ്രോഹിക്കുകയാണ്. തിരക്കേറെയുള്ള ഹരിപ്പാട്-വീയപുരം-തിരുവല്ല റോഡിലെ തൃപ്പക്കുടം റെയിൽവേ ക്രോസിലൂടെയുള്ള യാത്ര ദുഷ്കരമാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
സാഹസികമായി വാഹനമോടിച്ചാൽ മാത്രമേ ക്രോസ് കടക്കാൻ കഴിയുകയുള്ളൂ. റെയിൽ ക്രോസിലേക്ക് വാഹനങ്ങൾ കയറിയാൽ വലിയ കുഴികൾ താണ്ടി ക്കടക്കേണ്ടതുണ്ട്. പാളങ്ങൾ ഉയർന്നും അതിന് ഇടയിലുള്ള ഭാഗം ഏറെ താഴ്ന്നുമാണ്.
ഗേറ്റ് തുറക്കുന്ന തിരക്കുള്ള സമയങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്. സ്ത്രീകളും വയോധികരുമാണ് പ്രയാസം അനുഭവിക്കുന്നത്. കുഴി കടക്കാനാകാതെ വാഹനങ്ങൾ നിന്നുപോകുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവായി.
ഇരട്ടപ്പാതകൾക്കിടയിലെ റോഡ് നടുവൊടിയുന്ന രീതിയിലാണ് റെയിൽവേ നിർമിച്ചിട്ടുള്ളത്. നിർമാണത്തിൽ അപാകതകൾ ഏറെയാണ്. തിരക്കുള്ള റോഡാണെന്ന പരിഗണനപോലുമില്ലാതെ നിർമാണം പ്രഹസനമാക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തിട്ടുള്ളത്. അമിതമായ പൊക്കവും താഴ്ചയുമാണ് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നത്.
പാളങ്ങളുടെ നടുഭാഗത്തെ മെറ്റലുകൾ ഇളകിമാറി കുഴികളായി കിടക്കുകയാണ്. വാഹനങ്ങളുടെ അടിഭാഗം നിലത്തിടിച്ചാണ് കടന്നുപോകുന്നത്. കോൺക്രീറ്റ് സ്ലാബുകളും പാറക്കഷണങ്ങളും ഇളകി കിടക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നു. പിന്നിൽ ഇരിക്കുന്നയാളെ ഇറക്കിയതിന് ശേഷമാണ് സ്ത്രീകളും വയോധികരും ഇരുചക്രവാഹനങ്ങളിൽ കടക്കുന്നത്. കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ ദുരിതം ഏറെയാണ്.
കെ.എസ്.ആർ.ടി.സി ബസ് പാളത്തിൽ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി ഒരു മാസം അടച്ചിട്ട റെയിൽവേ ഗേറ്റ് പിന്നീട് തുറന്നപ്പോഴാണ് ദുരിതങ്ങൾ കൂടിയത്.പിന്നീട് മൂന്നുമാസം മുമ്പ് വീണ്ടും അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഭാഗികമായി മാത്രമാണ് പ്രശ്നം പരിഹരിച്ചത്. പലപ്രാവശ്യം റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ ദുരിതയാത്രക്ക് അറുതിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.