ഹരിപ്പാട്: ഉദ്ഘാടന ചടങ്ങിനിടെ ചങ്ങാടം മറിഞ്ഞു വെള്ളത്തിൽ വീണ പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും നീന്തിക്കയറി. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നടന്ന ചങ്ങാടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് കീഴ്മേൽ മറിഞ്ഞത്. കരുവാറ്റ പഞ്ചായത്തിന്റെ 13, 14 വാർഡുകളുടെ അതിർത്തി പങ്കിടുന്ന കന്നുകാലി പാലത്തിന് തെക്ക് ചെമ്പ് തോട്ടിലാണ് സംഭവം. വീതി കുറഞ്ഞ തോടിന്റെ മറുകര കടക്കാൻ നാട്ടുകാർ നിർമിച്ച ചങ്ങാടത്തിെൻറ ഉദ്ഘാടന ചടങ്ങിലാണ് അപകടം.
താഴെ പ്ലാസ്റ്റിക് വീപ്പ അടുക്കി മുകളിൽ കൈവരിയുള്ള പ്ലാറ്റ്ഫോം നിർമിച്ചാണ് ചങ്ങാടത്തിന് സമാനമായ കടത്ത് ഒരുക്കിയത്. ചങ്ങാടത്തിൽ കയറി കരയിൽ ബന്ധിപ്പിച്ച കയറിൽ വലിച്ചു മറുകരയെത്താവുന്ന തരത്തിലായിരുന്നു കടത്ത്. തോടിന്റെ ഒരു വശം പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡും മറുകര വൈസ് പ്രസിഡന്റിെൻറ വാർഡും ആയതിനാൽ ഉദ്ഘാടനത്തിന് രണ്ടുപേരെയും ക്ഷണിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷും വൈസ് പ്രസിഡൻറ് ടി. പൊന്നമ്മയും നാടമുറിച്ച ശേഷം ജങ്കാറിൽ കയറി മറുകര എത്തി തിരികെ നിറയെ ആളുമായാണ് യാത്രക്കൊരുങ്ങിയത്. അമിതഭാരം മൂലം ചങ്ങാടം ഒരു വശത്തേക്ക് ചരിഞ്ഞു. ആ അവസ്ഥയിൽ മറുകരയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു.
പലരും ചങ്ങാടത്തിന് അടിയിൽ പെട്ടെങ്കിലും പെട്ടെന്ന് തന്നെ നീന്തി കരപറ്റി. കരയിലുണ്ടായിരുന്നവർ വെള്ളത്തിലേക്കിറങ്ങിയും രക്ഷാപ്രവർത്തനം നടത്തി. പലരുടെയും ഫോൺ നഷ്ടപ്പെടുകയും തകരാറിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.