ഹരിപ്പാട്: ചരിത്രത്തിന്റെ ഏടുകളിൽ അടയാളപ്പെടുത്തിയ, ദക്ഷിണ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഹരിപ്പാട്. ദേശീയപാതയിൽനിന്ന് അര കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, കലിയുഗത്തിന് മുമ്പ് നിർമിച്ചതാണെന്നാണ് അനുമാനം. പെരുംകുളം എന്നറിയപ്പെടുന്ന വിശാലമായ കുളമാണ് ഇവിടത്തെ പ്രധാന ആകർഷണം.
കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളവും ഇതുതന്നെ. കടുത്ത വേനലിൽപോലും വറ്റാത്ത കുളത്തിന് അഞ്ചേക്കറാണ് വിസ്തൃതി. നാടിന്റെ ഭൂഗർഭജലം സംരക്ഷിച്ചുനിർത്തുന്നതിൽ പ്രധാന പങ്കാണ് ഈ കുളം വഹിക്കുന്നത്. ഇതിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്തുന്നത്. ഹരിപ്പാടിന്റെ ഗ്രാമഭംഗിക്ക് മുതൽക്കൂട്ടാണ് ഈ പെരുംകുളം. കുളത്തിന്റെ നാലുചുറ്റിനും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കുളിക്കടവുകളുണ്ട്. പ്രതിദിനം നൂറുകണക്കിന് പേരാണ് കുളിക്കാൻ എത്തുന്നത്. ഇവിടെയെത്തുന്ന തീർഥാടകർക്ക് പെരുംകുളം ഒരു കൗതുക കാഴ്ചകൂടിയാണ്.
ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള മറ്റൊരുകുളം കൂടിയുണ്ട്, വേലകുളം. തിരുവിതാംകൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തുന്ന അനുഷ്ഠാന കലാരൂപമാണ് വേലകളി. അത് പലരൂപത്തിലും നടത്തിവരുന്നുണ്ട്. അവയിലൊന്നാണ് കുളത്തിൽ വേല. ഹരിപ്പാട് ക്ഷേത്രത്തിൽ ഉത്സവകാലത്ത് കുളത്തിൽ വേല നടക്കുന്നത് തെക്കുകിഴക്കുഭാഗത്തുള്ള ഈ കുളത്തിലാണ്. അതുമൂലമാണ് ഇത് ‘വേലകുളം’ എന്ന് അറിയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.