ഹരിപ്പാട്: കരുവാറ്റ സർവിസ് സഹകരണ ബാങ്കിലെ കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ പുരോഗതിയുണ്ടെങ്കിലും മോഷ്ടാക്കളെ സംബന്ധിച്ച് തുമ്പൊന്നും ലഭിച്ചില്ല. ബാങ്ക് ഭാരവാഹികളെയടക്കം നിരവധിപേരെ ഇതിനകം ചോദ്യം ചെയ്തു.പരിസരത്തെ വീടുകളിലും കടകളിലും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. അടുത്ത സമയങ്ങളിൽ ബാങ്കിൽ വിവിധ പണികൾക്ക് എത്തിയവർ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കി മോഷ്ടാക്കൾ അകത്തുകടക്കാൻ ശ്രമിച്ചതായും കണ്ടെത്തി. മച്ച് ഇളക്കാനാവാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മേൽക്കൂരയിൽനിന്ന് ഗ്യാസ് വെൽഡറിന് ഉപയോഗിച്ച പൈപ്പ് കണ്ടെടുത്തു. ബാങ്ക് തുറക്കാൻ ഭരണസമിതി തീരുമാനമെടുത്തെങ്കിലും പണമിടപാടുമായി ബന്ധപ്പെട്ട രേഖകൾ പരിശോധനക്ക് പൊലീസ് കൊണ്ടുപോയതിനാൽ പ്രവർത്തനം വൈകാനാണ് സാധ്യത.ഹരിപ്പാട് സി.ഐ ആർ. ഫയാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ചയും ബാങ്കിലെത്തി തെളിവുകൾ ശേഖരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച കമ്പ്യൂട്ടറടക്കം മോഷ്ടാക്കൾ അപഹരിച്ചതിനാലാണ് തെളിവ് ശേഖരണം പ്രയാസകരമായത്. മറ്റ് ആധുനിക മാർഗങ്ങൾ ഉപയോഗപ്പെടുത്തിയും സൈബർ സെല്ലിെൻറ സഹായത്തോടെയുമാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടൂർ പറക്കോെട്ട ഒരു ഗ്യാസ് ഏജൻസിയിലേക്കും അന്വേഷണം തിരിഞ്ഞിട്ടുണ്ട്. ഗ്യാസ് ഏജൻസിയുടെ കടയിൽനിന്ന് വെൽഡിങ്ങിന് ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടർ, ആർഗൺ ഗ്യാസ് സിലിണ്ടർ എന്നിവ മോഷണം പോയി എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
കവർച്ചസംഘം ഈ സിലിണ്ടറുകൾ ഉപയോഗപ്പെടുത്തിയോ എന്നാണ് അന്വേഷിക്കുന്നത്. വീടിനോട് ചേർന്ന കടയുടെ ജനലഴി തകർത്താണ് സിലിണ്ടറുകൾ മോഷ്ടിച്ച് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.