ഹരിപ്പാട്: കരുവാറ്റ സർവിസ് സഹകരണ ബാങ്ക് കവർച്ചക്ക് പിന്നിലെ സംഘത്തെക്കുറിച്ച് പഴുതടച്ച അന്വേഷണവുമായി പൊലീസ്. പ്രഫഷനൽ തികവോടെ നടത്തിയ കവർച്ചക്ക് പിന്നിൽ അന്തർസംസ്ഥാന സംഘമാണെന്നാണ് പൊലീസിെൻറ അനുമാനം. പ്രാദേശികമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു. നേരാംവണ്ണം ബോർഡുപോലുമില്ലാത്ത പഴഞ്ചൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിനെ കവർച്ചക്ക് തെരഞ്ഞെടുത്തതാണ് അത്തരമൊരു സംശയം ബലപ്പെടാൻ കാരണം.
സ്വർണത്തിെൻറയും പണത്തിെൻറയും കാര്യമായ നിക്ഷേപമുണ്ടെന്ന വിവരം ആരോ കൈമാറിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ആലപ്പുഴ എസ്.പി പി.എസ്. സാബുവിെൻറ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ ആർ. ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് മോഷണത്തെപ്പറ്റി പുറംലോകമറിയുന്നത്. അഞ്ചുകിലോ 530 ഗ്രാം 899 മില്ലി ഗ്രാം സ്വർണവും നാലര ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്. സ്വർണത്തിന് രണ്ടരക്കോടിയോളം വിലവരും. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്ന കമ്പ്യൂട്ടറും മോഷ്ടാക്കൾ അപഹരിച്ചു. ബാങ്കിലേക്കുള്ള ഇടവഴികളിലും റോഡുകളിലും പൊലീസ് പരിശോധന നടത്തി. ബാങ്കിെൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിെലയും കടകളിെലയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ബാങ്കിലെ ജീവനക്കാരെ ചോദ്യം ചെയ്തു. മോഷ്ടാക്കൾ ബാങ്കിൽ ഉപേക്ഷിച്ച പാചകവാതകത്തിെൻറയും ഓക്സിജെൻറയും സിലിണ്ടറുകളാണ് പ്രധാന തെളിവ്. ഇത കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വാതിലും ജനലും മേൽക്കൂരയുമെല്ലാം ദുർബലമായ ബാങ്ക് കെട്ടിടത്തിൽ ലോക്കർ മാത്രമാണ് സുശക്തമായിട്ടുള്ളത്. വാതിലിന് നിലവാരമില്ലാത്ത പൂട്ടായതിനാൽ മോഷ്ടാക്കൾക്ക് കടക്കാൻ എളുപ്പമായിരുന്നു. ജനലഴികൾ മുറിച്ച നിലയിലായിരുന്നു. വാതിൽ അകത്തുനിന്ന് കുറ്റിയിട്ടശേഷം ജനൽവഴിയാണ് മോഷ്ടാക്കൾ പുറത്തുകടന്നത്. അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാൽ കൊല്ലെൻറ സഹായത്തോടെയാണ് വ്യാഴാഴ്ച പൊലീസ് വാതിൽ തുറന്നത്. ഗ്യാസ്കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് കവർച്ച നടത്തിയത്. പാചക വാതകവും ഓക്സിജനും ഉപയോഗിച്ച് ലോക്കർ മുറിക്കുന്നത് അപകടസാധ്യതയുള്ളതായിട്ടും ശബ്ദംപോലും പുറത്ത് കേൾക്കാത്ത തരത്തിൽ ദേശീയപാതയോരത്തെ തിരക്കുള്ള ജങ്ഷനിൽ നിലകൊള്ളുന്ന ബാങ്കിെൻറ ലോക്കർ തകർത്തത് കവർച്ചസംഘം നിസ്സാരക്കാരല്ലെന്ന് വ്യക്തമാക്കുന്നു. തുടർച്ചയായി ആറുദിവസത്തെ അവധി ലഭിച്ചത് മോഷ്ടാക്കൾക്ക് കടന്നുകളയാനുള്ള അവസരമൊരുക്കി. വിവരം പുറത്തറിയാൻ കാലതാമസം വന്നത് പ്രതികളെ പിടികൂടാനുള്ള നീക്കങ്ങൾക്ക് പൊലീസിന് വിലങ്ങുതടിയായി.
85 വർഷത്തെ പഴക്കമുള്ളതാണ് ടി.ബി ജങ്ഷനിെല കരുവാറ്റ 2145 നമ്പർ സർവിസ് സഹകരണ ബാങ്ക്. നാലു കോടിയുടെ ഇൻഷുറൻസ് പരിരക്ഷ ബാങ്കിലെ സ്വർണത്തിനുണ്ടെന്നും ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് പ്രസിഡൻറ് പ്രദീപ് പോക്കാട്ട് പറഞ്ഞു. ഇടപാടുകാർക്ക് നഷ്ടമായ സ്വർണത്തിന് തുല്യമായ തുക ലഭിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്ക് പ്രവർത്തനം പുനരാരംഭിക്കാനും കാവൽക്കാരനെ നിയമിക്കാനും വെള്ളിയാഴ്ച കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി. ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ധാരാളമായി സ്വർണപ്പണയ ഇടപാട് നടന്നിരുന്നു.
സമയം കഴിഞ്ഞതിനാൽ ആസ്ഥാന ബാങ്കിൽ അടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് നാലര ലക്ഷം രൂപ ലോക്കറിൽ സൂക്ഷിക്കേണ്ടിവന്നതെന്ന് ജീവനക്കാർ പറയുന്നു.
ലേഖകൻ- ഷമീർ ആറാട്ടുപുഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.