ഹരിപ്പാട്: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരിൽ പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിക്കുന്ന കടകൾക്കുള്ള നഷ്ടപരിഹാരത്തിന് കാർത്തികപ്പള്ളി താലൂക്കിൽനിന്ന് അപേക്ഷിച്ചത് 702 കച്ചവടക്കാർ.
വടക്ക് കരുവാറ്റ വില്ലേജിൽ തുടങ്ങി ജില്ല അതിർത്തിയിൽ ഉൾപ്പെടുന്ന കൃഷ്ണപുരം വില്ലേജുവരെ ഭാഗത്തെ കച്ചവടക്കാരാണ് അപേക്ഷിച്ചത്. കടയുടെ വലുപ്പവും മാറ്റേണ്ടിവരുന്ന സാധനങ്ങളുടെ എണ്ണവും പരിഗണിച്ച് 25,000 മുതൽ 75,000 രൂപവരെയാണ് നഷ്ടപരിഹാരം.അപേക്ഷകളുടെ വിശദമായ പരിശോധന നടന്നുവരികയാണ്. ഈയാഴ്ച പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരാഴ്ച ആക്ഷേപങ്ങൾ സമർപ്പിക്കാൻ സമയമുണ്ട്.
ദേശീയപാതക്കായി ഭൂമിയേറ്റെടുക്കുന്നതിന് പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിയിൽ പ്രവർത്തിച്ചിരുന്ന കടകൾക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. വിജ്ഞാപന തീയതിയിൽ കട പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കാൻ തദ്ദേശ സ്ഥാപനത്തിൽനിന്നുള്ള ലൈസൻസ് ഹാജരാക്കണം. വാടകക്കാർക്ക് മാത്രമേ ആനുകൂല്യം നൽകാവൂവെന്നാണ് ദേശീയപാത അതോറ്റിയുടെ നിർദേശം.
കെട്ടിട ഉടമയോ ആശ്രിതരോ നടത്തുന്ന കടകൾ ഇതിന്റെ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം. ലൈസൻസ് ഹാജരാക്കാൻ കഴിയാത്ത വഴിയോരക്കച്ചവടക്കാർക്ക് ഉൾപ്പെടെ താലൂക്കിൽ ഭൂമിയേറ്റെടുക്കുന്നതിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാരുടെ ശിപാർശ പ്രകാരം നഷ്ടപരിഹാരം നൽകും. താലൂക്കിൽ 450 ഭൂവുടമകളാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ ഹാജരാക്കാനുള്ളത്.
ഉടമ സ്ഥലത്തില്ലാത്തതും അസ്സൽ ആധാരം കൈവശമില്ലാത്തതിനാലുമാണ് രേഖകൾ ഹാജരാക്കാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇവർക്കുള്ള നഷ്ടപരിഹാരം ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റി ഭൂമി ഏറ്റെടുക്കും. ഈ ഭൂമിയിൽ കെട്ടിടങ്ങളുണ്ടെങ്കിൽ പൊളിച്ചുമാറ്റും. പിന്നീട് ഭൂമിയുടെ രേഖകൾ ഹാജരാക്കുമ്പോൾ നഷ്ടപരിഹാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.