ഹരിപ്പാട്: ജനങ്ങളുടെ നടുവൊടിച്ച് മുതുകുളം പാണ്ഡവർകാവ്-പുളിയറ ജങ്ഷൻ റോഡ്. മുതുകുളം പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ താമസക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണിത്. എട്ട്, ഒമ്പത്,10 വാർഡുകളിലൂടെ കടന്നു പോകുന്നതാണ് ഒന്നര കിലോമീറ്ററോളം വരുന്ന റോഡ്. ടാറിങ്ങും മെറ്റലും ഇളകിയ റോഡിൽ മുഴുവനും ചെറുതും വലുതുമായ കുഴികൾ നിറഞ്ഞു. ഇതുകാരണം കാൽനടക്കാർ പോലും വളരെയധികം കഷ്ടപ്പെടുന്നു.
കുഴികളിൽ അകപ്പെട്ട് ഇരുചക വാഹനയാത്രക്കാർക്ക് അപകടങ്ങളുണ്ടാകുന്നത് പതിവാണ്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് സാരമായ തകരാറും ഉണ്ടാകുന്നു.തെക്കൻ പ്രദേശത്തുളളവർ പാണ്ഡവർകാവ് ദേവീക്ഷേത്രം, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കും പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കൃഷിഭവൻ തുടങ്ങിയ സർക്കാർ ഓഫീസുകളിലേക്കും ഇതുവഴിയാണ് പോകുന്നത്. വാരണപ്പളളിൽ, കൊട്ടാരം എൽ.പി. സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെടെ പോകുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ ദുരവസ്ഥ മൂലം മറ്റ് റോഡുകളിലൂടെ അധിക ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
പാണ്ഡവർകാവ് മുതൽ തുരുത്തിയിൽ വരെയുളള 200 മീറ്ററോളം ഭാഗം കുറച്ചുനാൾ മുമ്പ് ടാറിങ് നടത്തിയിരുന്നു. പുളിയറ വടക്കു ഭാഗത്തെ വലിയ കുഴികളും അടച്ചിരുന്നതാണ്. ഈ ഭാഗങ്ങളും ഇപ്പോൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.