ഹരിപ്പാട്: നാടിനെ പതിറ്റാണ്ടുകളോളം അക്ഷരവഴിയിൽ നടത്തിയ താമല്ലാക്കൽ വായനശാല തിരിഞ്ഞുനോക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നു. താമല്ലാക്കൽ ജങ്ഷന് സമീപം ദേശീയപാതക്ക് സമീപമുള്ള താമല്ലാക്കൽ പബ്ലിക് ലൈബ്രറി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആയിരക്കണക്കിന് പുസ്തകങ്ങളും പത്രമാസികകളുമായി നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയാണ് ഭാരവാഹികളുടെ അനാസ്ഥമൂലം നശിക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ അടക്കം നിരവധിപേർ നിത്യേന പുസ്തകങ്ങൾ എടുക്കാനും വായിക്കാനും ലൈബ്രറിയിൽ എത്തുമായിരുന്നു.
70 വർഷത്തോളം പഴക്കമുണ്ട് ലൈബ്രറിക്ക്. സ്വന്തമായി വസ്തുവും അതിൽ ഇരുനില കെട്ടിടവും ഉണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച ഇരുനില കെട്ടിടം 2004 ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. ഭരണസമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കാതെ വന്നതോടെ ലൈബ്രറി പ്രവർത്തനം അവതാളത്തിലായി. അടഞ്ഞുകിടക്കുന്ന ലൈബ്രറി കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലാണ്. പുസ്തകങ്ങളും കമ്പ്യൂട്ടറും ഫർണിച്ചറും അടക്കം നശിക്കുന്നു.
നിലവിലെ ഭരണസമിതി പൂർണമായും നിർജീവമാണ്. താലൂക്ക് ലൈബ്രറി കൗൺസിലും പ്രശ്നം പരിഹരിക്കാൻ തയാറാകുന്നില്ല. പ്രവർത്തനം നിലച്ചതിനാൽ സർക്കാറിൽനിന്ന് ഗ്രാൻഡുകളും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.