ഹരിപ്പാട്: തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ പുരാതന ത്രാസ് ഹരിപ്പാട് ട്രഷറിയിൽ തിരികെയെത്തിച്ചു. ഇവിടെ കെട്ടിടം പൊളിച്ചുപണിയുന്നതിനാൽ രണ്ടുവർഷമായി തിരുവനന്തപുരത്തെ ട്രഷറി ഡയറക്ടറേറ്റിലാണ് സൂക്ഷിച്ചിരുന്നത്. ഹരിപ്പാട് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി റവന്യൂ ടവറിെൻറ ഏറ്റവും താഴത്തെ നിലയിലേക്ക് മാറ്റുകയാണ്. ഇതിനുള്ള ജോലി അവസാനഘട്ടത്തിലാണ്. ഇതോടെയാണ് ത്രാസ് തിരികെ എത്തിക്കാൻ നടപടിയായത്.
സബ് ട്രഷറിയിലെ ട്രഷറി ഓഫിസറുടെ മുറിയിൽ ഹരിപ്പാടിെൻറ അഭിമാനമായ ഈ ത്രാസ് പ്രദർശിപ്പിക്കും. ഒരാഴ്ച മുമ്പ് തിരുവനന്തപുരത്തുനിന്ന് മടക്കിക്കൊണ്ടുവന്ന ത്രാസ് കഴിഞ്ഞദിവസം ട്രഷറിമുറിയിൽ സ്ഥാപിച്ചു. ചില്ലിട്ട അലമാരയിൽ വൈദ്യുതിവിളക്കുകളുടെ പശ്ചാത്തലത്തിലാണ് പ്രദർശിപ്പിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും കേടുപാടില്ല.
ത്രാസിനൊപ്പം പുരാതനവും അപൂർവവുമായ നാണയങ്ങൾ, നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനുള്ള നാണയപ്പലക തുടങ്ങിയവയും ഹരിപ്പാട്ടെ ഭണ്ഡാരത്തിലുണ്ടായിരുന്നു. ഇവ മുതുകളം സബ് ട്രഷറിയിലും ചെങ്ങന്നൂരിലെ ജില്ല ട്രഷറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. അടുത്തദിവസങ്ങളിൽതന്നെ ഇവയും ഹരിപ്പാട്ടെത്തിക്കും. ഹരിപ്പാട്ടെ പുരാതന ട്രഷറി ഭണ്ഡാരം പൈതൃകസ്വത്തായി സംരക്ഷിക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. ഇതിന് രമേശ് ചെന്നിത്തല 15 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു.
ഹൈടെക് സബ് ട്രഷറി; വിനിയോഗിച്ചത് 85 ലക്ഷം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള സബ് ട്രഷറിയാണ് ഹരിപ്പാട് പൂർത്തിയാകുന്നത്. ഓണത്തിനുമുമ്പ് ഉദ്ഘാടനം ചെയ്യാൻ കഴിയും വിധമാണ് പണി പുരോഗമിക്കുന്നത്. ഫർണിച്ചറിന് മാത്രമായി 42 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. സ്ട്രോങ് റൂമിന് 18 ലക്ഷവും. 25 ലക്ഷം രൂപയുടെ ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ആകെ 85 ലക്ഷം രൂപയാണ് ട്രഷറി വകുപ്പ് സബ് ട്രഷറിയിൽ സൗകര്യങ്ങളേർപ്പെടുത്താൻ വിനിയോഗിച്ചത്. ജീവനക്കാർക്കും ഇടപാടുകാർക്കും ഇരിക്കുന്നതിന് വിപുല സൗകര്യങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.