ഹരിപ്പാട്: എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാകുന്നു.
ബസ് ടെർമിനൽ കം വാണിജ്യ സമുച്ചയത്തിന്റെയും യാർഡിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 5.30ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിക്കും.
മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് ഡിപ്പോ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് പദ്ധതി ആവിഷ്കരിച്ചത്.
ഡിപ്പോയും വാണിജ്യ സമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയകെട്ടിടവും അനുബന്ധ സംവിധാനങ്ങളും വിഭാവന ചെയ്തു.
2015ലാണ് പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ എട്ടുവർഷം നീണ്ടു. ബസ് സ്റ്റേഷന് ഉള്ളിലെ യാർഡ് കുണ്ടും കുഴിയുമായത് മൂലം ബസുകൾ നിർത്തിയിടാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും സൗകര്യപ്രദമായ വഴിയും ഇല്ലായിരുന്നു.
രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ഉപയോഗപ്പെടുത്തി യാർഡിന്റെയും റോഡിന്റെയും നിർമാണം പൂർത്തീകരിച്ചു. ബസുകൾ വടക്കുഭാഗത്ത് കൂടി സ്റ്റേഷനുകളിലേക്ക് കയറുകയും തെക്കുഭാഗത്ത് കൂടി ദേശീയപാതയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്.
അഞ്ചു കോടി രൂപ മുടക്കിയാണ് വാണിജ്യ സമുച്ചയം നിർമിച്ചത്. പലതവണ ലേലം വിളിച്ചിട്ടും വാണിജ്യ സമുച്ചയത്തിലെ കടമുറികൾ ആരും ലേലത്തിന് എടുത്തിട്ടില്ല. നിലവിൽ ഒരു ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.