ഹരിപ്പാട്: മഴപെയ്താൽ കാർത്തികപ്പള്ളി ജങ്ഷനിൽ വെള്ളക്കെട്ട്. യാത്രക്കാർക്കും കച്ചവടക്കാർക്കും കടുത്ത ദുരിതമാണ് ഇത് വരുത്തിവെക്കുന്നത്.
കാർത്തികപ്പള്ളി ജങ്ഷനിൽ പുല്ലുകുളങ്ങരക്ക് തിരിയുന്ന ഭാഗത്താണ് റോഡ് കവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. യാത്രക്കാർ ബസ് കയറാൻ കാത്തുനിൽക്കുന്ന ഭാഗമാണിത്. ഇതുവഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ ആളുകളുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്ന അവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
റോഡരികിലെ കച്ചവട സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് വെള്ളം അടിച്ചുകയറുന്നതിനാൽ കച്ചവടക്കാരും പ്രയാസത്തിലാണ്. ചില കടകളുടെ തറക്ക് റോഡിനെക്കാൾ അൽപം ഉയരം മാത്രമാണുള്ളത്. ഇതുമൂലം കനത്തമഴ സമയത്ത് കടക്കുള്ളിലേക്ക് വെള്ളംകയറുന്ന സാഹചര്യവുമുണ്ട്. മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞാകും വെള്ളക്കെട്ട് ഒഴിയുക. തൊട്ടടുത്തുള്ള കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിന്റെ മുന്നിൽവരെ ഓടയുണ്ടെങ്കിലും ജങ്ഷനിലെ വെള്ളക്കെട്ട് മാറുന്നതിന് ഇത് ഉപകാരപ്രദമല്ല. കാർത്തികപ്പള്ളി ജങ്ഷന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കമായി. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.