ലോക്ഡൗണിൽ കളരി അഭ്യസിക്കാനാവുമോ? ഓൺലൈനിൽ വിദ്യാഭാസം നടത്താമെങ്കിൽ ആയുധങ്ങളും എതിരാളിയുമില്ലെങ്കിലും കളരിയും അഭ്യസിക്കാം. ഇത് പറയുന്നത് കളരിപ്പയറ്റിൽ ഗിന്നസ് റെക്കോഡ് നേടിയ ഹരി കൃഷ്ണനാണ്. ലോക്ഡൗണിൽ കളരികൾ പൂട്ടിയതോടെ കളരിപ്പയറ്റിനായി യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. കേരളത്തിലെ നാലു ജില്ലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഹരിയുടെ ക്ലാസ് കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് വൻകരകൾ താണ്ടുകയാണ്.
'കേരള കളരിപ്പയറ്റ് യൂട്യൂബ് ചാനൽ വൈറൽ ആകാൻ തുടങ്ങിയതോടെ ഓൺലൈനിൽ കളരി ക്ലാസുകൾ എടുത്തുകൂടെ എന്ന് പലരും ചോദിച്ചു. പിന്നീട് ഈ ആശയവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഹരി പറയുന്നു. ലോക്ഡൗണിന് മുമ്പ് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി 16 കളരികളിൽ 800 വിദ്യാർഥികളാണ് അഭ്യസിച്ചിരുന്നത്. ഇപ്പോൾ യൂറോപ്പിൽനിന്നുള്ള 60 പേരടക്കം അമേരിക്കയിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നുമൊക്കെയായി 600 വിദ്യാർഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്.
യുട്യൂബ് വിഡിയോ കണ്ട് ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർക്കാണ് പ്രത്യേകം ക്ലാസ് നൽകുന്നത്. ആഴ്ചയിൽ ഒരു വിദ്യാർഥിക്ക് രണ്ട് ക്ലാസ് വീതം ലഭിക്കും. ആയുധങ്ങളും എതിരാളിയും ഇല്ലാതെ കളരിയുടെ അടിസ്ഥാന പാഠങ്ങളാണ് പഠിപ്പിക്കുന്നത്. കോവിഡിന് ശേഷം ഓൺലൈൻ ക്ലാസിൽ ഉള്ളവരെ ചേർത്ത് ക്യാമ്പ് സംഘടിപ്പിക്കാനും പദ്ധതിയുണ്ടന്നും ഹരി കൂട്ടിച്ചേർത്തു.
37 സെക്കൻഡിൽ 230 തവണ ഉറുമി വീശി അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, ഉറുമി വീശലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡും 29 സെക്കൻഡിൽ 61 പേരുടെ തലയിൽ പൈനാപ്പിൾ വെച്ച് രണ്ടായി മുറിച്ചതിന് ഗിന്നസ് റെക്കോഡും ഹരിയുടെ പേരിലുണ്ട്. പുന്നപ്ര രാജേശ്വരി ഭവനിൽ താമസിക്കുന്ന ഈ 25കാരന് സഹായത്തിന് ശിഷ്യനായ വിഷ്ണുലാലും ഒപ്പമുണ്ട്.
ലേഖകൻ: ജിനു റെജി
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.