ആലപ്പുഴ: തൊഴിലുറപ്പ് പ്രവൃത്തികൾ പരിശോധിച്ച് തയാറാക്കുന്ന സോഷ്യൽ ഒാഡിറ്റ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട വകുപ്പുകൾ പൂഴ്ത്തുന്നു. ഒാഡിറ്റ് വിവരങ്ങൾ പൊതുജനത്തെ അറിയിക്കണമെന്ന് കൃത്യമായ നിബന്ധനയുണ്ടായിരിക്കെയാണ് റിപ്പോർട്ട് രഹസ്യമാക്കി വെക്കുന്നത്. തൊഴിലുറപ്പ് പ്രവൃത്തികൾ നല്ലരീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാനും ക്രമക്കേട് ഒഴിവാക്കാനും തൊഴിലാളികൾക്ക് കൃത്യമായ വേതനം ഉറപ്പാക്കാനുമാണ് സോഷ്യൽ ഒാഡിറ്റ് കൊണ്ടുവന്നത്. റിപ്പോർട്ട് ഗ്രാമസഭകളിലും പ്രാദേശിക മാധ്യമങ്ങളിലും സോഷ്യൽ ഒാഡിറ്റ് വെബ്സൈറ്റുകളിലും ഇടണമെന്നാണ് നിയമം. എന്നാൽ, കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ഇതുവരെ വെബ്സൈറ്റിൽ ഇട്ടിട്ടില്ല.
2019-20 വർഷത്തെ 2831 വാർഡിെല സോഷ്യൽ ഒാഡിറ്റ് ഗ്രാമസഭകൾ നടത്തി റിപ്പോർട്ട് തയാറാക്കിയെന്നാണ് വിവരം. ഇതിൽ 1887 റിപ്പോർട്ട് മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഒാരോ വാർഡിലും വർഷത്തിൽ രണ്ടുതവണ വീതം സോഷ്യൽ ഒാഡിറ്റ് റിപ്പോർട്ട് തയാറാക്കി ഗ്രാമസഭയിൽ അവതരിപ്പിക്കണമെന്നാണ് 2011ലെ സോഷ്യൽ ഒാഡിറ്റ് ചട്ടം. ഇൗ റിപ്പോർട്ട് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായി വെബ്സൈറ്റിൽ ഇടണം. അതത് പഞ്ചായത്തുകളിലും പ്രസിദ്ധീകരിക്കണം. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും 2019-20ലാണ് ആദ്യമായി ഒാഡിറ്റ് നടപടി ആരംഭിച്ചത്.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തിൽ 16,000 വാർഡുള്ളതിൽ 2020 മാർച്ച് വരെ 405 പഞ്ചായത്തിലെ 2831 വാർഡിലാണ് ഒാഡിറ്റ് നടത്തിയതെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു.
പകുതിയിലേറെ പഞ്ചായത്തിലും ഒാഡിറ്റ് നടത്തിയിട്ടില്ല. ഒാരോ പ്രവൃത്തിയും നടക്കുന്ന വേളയിൽതന്നെ തത്സമയം ഒാഡിറ്റ് ചെയ്യുന്ന രീതിയാണ് 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിലുള്ളത്. എന്നാൽ, എത്ര സോഷ്യൽ ഒാഡിറ്റ് ഗ്രാമസഭകൾ നടത്തിയെന്നോ എന്തെല്ലാം ക്രമക്കേട് കണ്ടെത്തിയെന്നോ വിവരങ്ങൾ ലഭ്യമല്ല.
ഇതുസംബന്ധിച്ച ഒരു വിവരവും സോഷ്യൽ ഒാഡിറ്റ് വെബ്സൈറ്റിലും ഇല്ല. സോഷ്യൽ ഒാഡിറ്റിന് വർഷംതോറും കോടികൾ സർക്കാർ ചെലവഴിക്കുേമ്പാഴാണ് ഉദ്ദേശിച്ച ഫലം കിട്ടാതെ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.