ആലപ്പുഴ: വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസമേകാൻ അഞ്ചുകോടി രൂപ ചെലവിൽ ഹൗസിങ് ബോർഡ് ആശ്വാസകേന്ദ്രം നിർമിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി അങ്കണത്തിൽ മൂന്നുനിലകളിലായി 15000 ചതുരശ്രയടിയിലാണ് ആശ്വാസകേന്ദ്രം നിർമിക്കുക. 50 സെൻറ് സ്ഥലമാണ് ഇതിനായി ലഭ്യമാക്കിയത്.
നിർമാണം സെപ്റ്റംബർ മൂന്നിന് തുടങ്ങും. 10 മാസംകൊണ്ട് പൂർത്തിയാക്കും. താഴത്തെ നിലയിൽ 10 മുറികളും ഒരോമുറിക്കും ശൗചാലയവുമുണ്ടാകും. ഇതോടൊപ്പം 24 കിടക്കകളുള്ള ഡോർമിറ്ററികളും നിർമിക്കും. ഒന്നാംനിലയിലും രണ്ടാംനിലയിലുമായി 12 മുറികൾ വീതവും ഒപ്പം ശൗചാലയങ്ങളും ഡോർമിറ്ററികളുമുണ്ടാകും.
ആകെ 72 ഡോർമിറ്ററികളും 34 മുറികളും ശൗചാലയങ്ങളുമാണ് നിർമിക്കുക. രോഗികളുടെ കൂട്ടിരിപ്പുകാരിൽനിന്നും ബന്ധുക്കളിൽനിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും. വാഹന പാർക്കിങ് സൗകര്യവുമുണ്ടാകും. ഹൗസിങ് ബോർഡിെൻറ പ്ലാൻ ഫണ്ടിൽനിന്നുള്ള പണം ചെലവഴിച്ചാണ് നിർമാണം. രോഗികളുടെ കൂട്ടിരിപ്പുകാർക്കും ബന്ധുക്കൾക്കും ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ നിലവിൽ വരാന്തകളിലും ഇടനാഴികളിലുമായാണ് വിശ്രമസൗകര്യം കണ്ടെത്തിയിരുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ ജെ. റെക്സ് പദ്ധതി വിശദീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബ രാകേഷ്, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്ത് അംഗം സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, ഹൗസിങ് ബോർഡ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സജീവൻ, അസി. എൻജിനീയർ ഹാഷിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.