ആലപ്പുഴ: പൊതുമേഖല ബാങ്കുകളുടെയും കോടതികളുടെയും പേരിൽ വ്യാജ സീലുകളും രേഖകളും നിർമിച്ച് വിദേശത്തേക്ക് അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തിയതിന് അറസ്റ്റിലായവരുടെ പിന്നിൽ വലിയ സംഘമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ അംഗീകാരമില്ലാതെ വ്യാജരേഖകൾ ഉണ്ടാക്കി വിദേശത്തേക്ക് ആളുകളെ കയറ്റിയയച്ച് വന്നിരുന്നവരെയാണ് കഴിഞ്ഞദിവസം കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ രാമപുരം കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന സിൽവർ സ്വാൻ എച്ച്.ആർ മാനേജ്മെൻറ് ഉടമയായ ആലിശ്ശേരി പാർവതിസദനം വീട്ടിൽ രഞ്ജിത്തിനെയും (38) ഡ്രൈവർ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്തിനെയുമാണ് (38) അറസ്റ്റ് ചെയ്തത്. രാമപുരത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം രണ്ടുവർഷമായി വിദേശത്തേക്ക് പോകുന്നവർക്കും വിദേശത്തേക്ക് പഠനത്തിന് പോകുന്നവർക്കും വേണ്ട ഓൺലൈൻ സേവനങ്ങളും മറ്റും നൽകുകയാണെന്ന വ്യാജേനയാണ് പ്രവർത്തിച്ചിരുന്നത്.
അറസ്റ്റിലായവരെക്കൂടാതെ കേരളത്തിലും അന്തർസംസ്ഥാനങ്ങളിലും നിരവധി ഏജന്റുമാരും സ്ഥാപനങ്ങളും സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. കയറ്റിവിടുന്ന ഓരോ ആൾക്കാരുടെ കൈയിൽനിന്ന് മൂന്നു ലക്ഷം മുതൽ ഏഴുലക്ഷം വരെയാണ് ഈടാക്കിവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.