ആലപ്പുഴ: ലഹരി വിരുദ്ധ ബോധവത്കരണം, പരിശോധനകൾ, എൻഫോഴസ്മെന്റ് പ്രവർത്തനം -എക്സൈസ് വകുപ്പിൽ പിടിപ്പത് പണിയുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയിലെ 72 പഞ്ചായത്തിലും ആറ് നഗരസഭകളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എക്സൈസ് വകുപ്പിന് ജില്ലയിലുള്ളത് 300ൽ താഴെ ഉദ്യോഗസ്ഥർ മാത്രം. സംസ്ഥാനത്താകെ 5,800 ഉദ്യോഗസ്ഥരാണ് എക്സൈസിലുള്ളത്.
ആൾശേഷി കുറവ് എക്സൈസിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണ്. ലഹരി വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥർ ഓട്ടത്തിലാണ്. ഒരുപാട് പരിപാടികൾ ഒന്നിച്ച് വന്നാൽ മറ്റു ഡ്യൂട്ടികൾക്ക് ആളില്ലെന്നതാണ് സ്ഥിതി. അതിനാൽ സമയക്രമം തീരുമാനിച്ചാണ് വാർഡ്തല സമിതികളുൾപ്പെടെ ചേരുന്നത്. ഉദ്യോഗസ്ഥരുടെ കുറവിനൊപ്പം വിവിധ വകുപ്പുകളുമായുള്ള ഏകോപനക്കുറവും പ്രശ്നമാകുന്നുണ്ട്. ലഹരി വിമുക്ത പരിപാടിയോടനുബന്ധിച്ച് ഉദ്യോഗസ്ഥർ ബോധവത്കരണത്തിന് നിയോഗിക്കപ്പെട്ടതോടെ കേസുകൾ പിടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ലഹരി വിമുക്തി പരിപാടിക്ക് പുറമെ നാർകോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ഡ്രൈവും നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് മിനിസ്റ്റീരിയൽ ജോലികൾ മുതൽ പാറാവ് ഡ്യൂട്ടിക്കു വരെ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടത്.
എൻഫോഴ്സ്മെന്റ് ജോലികൾക്ക് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ മിനിസ്റ്റീരിയൽ ജോലിക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വർഷങ്ങളായി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതാണ്. പലയിടത്തും ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും അഭാവവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.