കായംകുളം: ‘താലൂക്ക്’ എന്നത് ആലങ്കാരിക പ്രയോഗമായി ഒതുങ്ങിയ കായംകുളം ഗവ. ആശുപത്രി ‘പദവിക്ക്’ അനുസൃതമായ വികസനത്തിനായി കാതോർക്കുന്നു. വികസനം എന്നത് നിലവിൽ കെട്ടിടങ്ങളുടെ നവീകരണത്തിൽ മാത്രമായി ചുരുങ്ങുകയാണ്. നെഫ്രോളജിയിൽ അടക്കം പുതിയ തസ്തികകൾ വന്നെങ്കിൽ മാത്രമേ നിലവിലെ പല സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കൂ. പ്രയാസങ്ങളും പ്രതിസന്ധികളും താൽക്കാലിക ആശ്വാസ നടപടികളിലൂടെ പരിഹരിക്കപ്പെടുന്ന പഴയ രീതിയിൽനിന്ന് എന്ന് മാറ്റമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. പുതിയ കെട്ടിട നിർമാണത്തിനായി പഴയവ പൊളിച്ചതിലൂടെയുള്ള പ്രതിസന്ധിയും രൂക്ഷമാണ്. ഇതിലൂടെ കുട്ടികളുടെ കിടത്തിച്ചികിത്സയടക്കമാണ് ഇല്ലാതായത്.
രണ്ട് ജില്ലകളിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽനിന്നുള്ള രോഗികൾ ആശ്രയിക്കുന്ന ആതുരാലയത്തിൽ ആനുപാതികമായ ജീവനക്കാർ ഇല്ലായെന്നതാണ് പ്രധാന പ്രശ്നം. കായംകുളം, ഹരിപ്പാട്, മാവേലിക്കര, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽനിന്നുള്ള രോഗികളാണ് ഇവിടെ എത്തുന്നത്. കൂടാതെ ദേശീയപാതയിലും പ്രധാന സംസ്ഥാന പാതകളിലും അപകടത്തിൽപ്പെടുന്നവരെ ആദ്യം എത്തിക്കുന്ന ആശുപത്രിയാണിത്. എന്നാൽ, കാര്യക്ഷമമായ അത്യാഹിത വിഭാഗവും ട്രോമാകെയർ യൂനിറ്റും ഇല്ലായെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ദേശീയപാതയിൽ ഓച്ചിറ മുതൽ രാമപുരം വരെയും കെ.പി റോഡിൽ കായംകുളം മുതൽ നൂറനാട് വരെയും പ്രധാന സംസ്ഥാന പാതകളായ ചെട്ടികുളങ്ങര മാവേലിക്കര റോഡിലും രണ്ടാംകുറ്റി മാവേലിക്കര റോഡിലുമായി ദിനേനെ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞദിവസം ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു, അദ്ദേഹത്തിന്റെ ഭാര്യ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരെ ആദ്യം എത്തിച്ചത് കായംകുളം താലൂക്ക് ആശുപത്രിയിലേക്കായിരുന്നു. കൊണ്ടുവന്നതിനെക്കാൾ വേഗത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഇരുവരെയും കുടുംബാംഗങ്ങളെയും മാറ്റേണ്ടിവന്നു. നിലവിൽ 125 കിടക്ക വാർഡിന് ആനുപാതികമായ ജീവനക്കാരാണ് ഇവിടെയുള്ളത്. ജനറൽ വാർഡിൽ 100ഉം കുട്ടികളുടെ വാർഡിൽ 30ഉം കിടക്കകളുള്ള ആശുപത്രിയിൽ അനുവദിച്ചതിന്റെ ഇരട്ടി കിടപ്പ് രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. 800 രോഗികളെ നോക്കാൻ സൗകര്യമുള്ള ഒ.പിയിൽ ദിനേന 1500നും രണ്ടായിരത്തിനുമിടയിൽ രോഗികളും ചികിത്സതേടുന്നു. അത്യാഹിതത്തിൽ 600 മുതൽ 800വരെ രോഗികളാണ് ആശ്രയിക്കുന്നത്. അനുവദിച്ചതിന്റെ പതിന്മടങ്ങ് രോഗികൾ എത്തുന്നത് പലതരത്തിലുള്ള പ്രതിസന്ധികൾക്കാണ് കാരണമാകുന്നത്. ഇവരെ പരിചരിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നഗരസഭയുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും ഇടപെടലിൽ നിയമിക്കപ്പെടുന്ന താൽക്കാലികക്കാരുടെ അതിപ്രസരണത്തിലാണ് ആശുപത്രി മുന്നോട്ടുപോകുന്നത്.
നിലവിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, ഇ.എൻ.ടി, കണ്ണ്, ഡെന്റൽ, ത്വക്ക് വിഭാഗങ്ങളിലായി സൂപ്രണ്ട് അടക്കം 20 ഡോക്ടർമാരാണ് സേവനം അനുഷ്ഠിക്കുന്നത്. ഇതിൽ സൂപ്രണ്ട്, ഡെന്റൽ സർജൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഹെഡ് നഴ്സും സ്റ്റാഫ് നഴ്സും അടക്കം 32 നഴ്സിങ് തസ്തികയിലും രണ്ടുപേരുടെ കുറവുണ്ട്. ഇവരെ കൂടാതെ ഫാർമസി, ലാബ്, ഓഫിസ് എന്നിവിടങ്ങളിലായി അറ്റൻഡർമാരടക്കം 109 പേരും ജോലിചെയ്യുന്നു. കൂടാതെ 59 താൽക്കാലിക ജീവനക്കാരും 12 സെക്യൂരിറ്റി ജീവനക്കാരുമുണ്ട്.
(തുടരും)
അഞ്ച് നിലകളുള്ള പുതിയ കെട്ടിട സമുച്ചയം വരുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ പൂർണമായും മാറും. 1,40,000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടങ്ങൾ ഉയരുന്നത്. 50 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
150 കിടക്ക സൗകര്യം, 16 പേവാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാര്‍ ഓപറേഷന് തിയറ്ററുകള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, പവര്‍ ലോണ്ട്രി, ഡയാലിസിസ് യൂനിറ്റ്, തീവ്രപരിചരണ വിഭാഗങ്ങള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്, അഗ്നിരക്ഷ ഉപകരണങ്ങള്‍, സി.സി ടി.വി യൂനിറ്റുകള്‍, ലിഫ്റ്റ് സൗകര്യം, ജനറേറ്ററുകള്‍, ലാൻഡ് സ്കേപ്പിങ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ സംവിധാനത്തിലുള്ളത്. കൂടാതെ നഗരസഭ വർഷംതോറും കോടികളുടെ വികസനവും നടപ്പാക്കുന്നു.
ഒരുകോടി ചെലവഴിച്ചുള്ള ലബോറട്ടറി നവീകരണമാണ് നിലവിൽ ലക്ഷ്യമിടുന്നത്. അർബുദ പരിശോധനകൾക്ക് അടക്കം സൗകര്യമാകുന്ന തരത്തിൽ ആധുനിക ഉപകരണങ്ങൾ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്.
പരിമിതികളെയും പ്രതിസന്ധികളെയും മറികടന്നാണ് ജില്ലയിലെ ഒന്നാമത്തെ ഡയാലിസിസ് സെന്ററായി ഉയർന്നത്. 10 യൂനിറ്റുകളുടെ സൗകര്യത്തിൽ 30 പേരാണ് ദിനേനെ ഡയാലിസിസിന് വിധേയമാകുന്നത്. 90പേർക്കാണ് നിലവിൽ സംവിധാനം പ്രയോജനപ്പെടുന്നത്. 80പേർ വെയിറ്റിങ് ലിസ്റ്റിലുമുണ്ട്.
ആവശ്യക്കാർ വർധിച്ചതോടെ പ്രവർത്തിക്കാതെ കിടക്കുന്ന അഞ്ച് യൂനിറ്റുകൾകൂടി സജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ദിനേന മൂന്ന് ഷിഫ്റ്റ് എന്നത് പരീക്ഷണ അടിസ്ഥാനത്തിൽ നാലായി ഉയർത്തി. വൃക്കരോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് നെഫ്രോളജി ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. നിലവിൽ ഫിസിഷ്യന്റെ മേൽനോട്ടത്തിലാണ് യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. താൽക്കാലിക ജീവനക്കാരാണ് ഇവിടെ കൂടുതലായുള്ളത്. അനുഭവ സമ്പത്തുള്ള ടെക്നീഷ്യന്മാരെ അധികമായി നിയമിക്കണമെന്ന ആവശ്യവുമുണ്ട്.
നവീകരണത്തിനായി കെട്ടിടങ്ങൾ പൊളിച്ചതോടെ കുട്ടികളുടെ കിടത്തിച്ചികിത്സ വിഭാഗം ഇല്ലാതായി. ഇതിന് ബദൽ സൗകര്യം ഒരുക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെയും നടപ്പായില്ല. ഇതുകാരണം കുട്ടികൾക്ക് കിടത്തിച്ചികിത്സക്ക് മറ്റ് സൗകര്യം തേടേണ്ടി വരികയാണ്. പഴയ 14 കെട്ടിങ്ങളാണ് പൊളിച്ചുമാറ്റിയത്.
സംസ്ഥാന സർക്കാറിന്റെ കായകൽപ്പ പുരസ്കാരത്തിനായി ‘മുഖംമിനുക്കിയതിലൂടെ’ നിലവിലെ സേവനം രോഗികൾക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്നു. കാഴ്ചയിലെ ഭംഗിക്ക് ഒപ്പമാണ് സേവനത്തിലും അടിമുടി മാറ്റംവരുത്തിയത്. ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം എന്നിവയുടെ ഗുണനിലവാര പരിശോധനയിൽ മികവ് പുലർത്താനും കഴിഞ്ഞിട്ടുണ്ട്. 250ലധികം ഘടകങ്ങളാണ് ഇതിനായി വിലയിരുത്തിയത്. മുൻവശത്തെ പൊളിഞ്ഞ ബോർഡും റോഡും മുതൽ അത്യാഹിത വിഭാഗത്തിൽവരെ രോഗികൾക്ക് ആശ്വാസവും സഹായകവുമാകുന്ന തരത്തിൽ നിരവധി മാറ്റങ്ങളാണ് നടപ്പാക്കിയത്. ഇതോടൊപ്പം താലൂക്ക് പദവിക്ക് അനുസൃതമായ ജീവനക്കാരുടെ തസ്തികകൾ കൂടി അംഗീകരിച്ചാൽ മാത്രമേ ആശുപത്രിയുടെ വികസനം ശരിയായ അർഥത്തിൽ യാഥാർഥ്യമാകുകയുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.