സി.ഐ.ടി.യു നേതാവിനോട് ആക്രോശം; സി.പി.എം നേതാവിന്‍റെ നടപടി വിവാദത്തിൽ

കായംകുളം: വൈദ്യുതി ഓഫിസിലെ സി.ഐ.ടി.യു നേതാവിനോട് എസ്.ഡി.പി.ഐയിൽ ചേരാൻ ആക്രോശിച്ച സി.പി.എം നേതാവിന്‍റെ നടപടി വിവാദത്തിൽ.

എരുവ ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറിന്‍റെ നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാർട്ടിയും പ്രതിരോധത്തിലായി. ഹരികുമാറിനെതിരെ കായംകുളം വെസ്റ്റ് വൈദ്യുതി സെക്ഷനിലെ ജീവനക്കാരനും സി.ഐ.ടി.യു യൂനിറ്റ് സെക്രട്ടറിയുമായ ഷാജി ചാങ്ങയിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകി.

ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് വൈദ്യുതി ഓഫിസ് അധികൃതർ പൊലീസിലും പരാതി നൽകി.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബിൽ കുടിശ്ശിക വന്നതോടെ ഹരികുമാറിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് പ്രകോപന കാരണം. ഹരിയുടെ ഭാര്യ വാർഡിലെ കൗൺസിലറാണ്.

വാർഡ് നിവാസിയുടെ വീട്ടിലെ വൈദ്യുതി കുടിശ്ശിക കാരണം വിച്ഛേദിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ഓഫിസിലേക്ക് വിളിച്ച ഹരികുമാർ അപമര്യാദയായി പെരുമാറിയെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

തുടർന്ന് വിവരം തിരക്കാൻ ഷാജി ചാങ്ങയിൽ ഹരികുമാറിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിശ്ശികയായിരുന്ന ഹരികുമാറിന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.

ഇത് ഷാജിയാണെന്ന് ആരോപിച്ച് ഓഫിസിൽ എത്തിയ ഇദ്ദേഹം അധിക്ഷേപം നടത്തിയതെന്നാണ് പരാതി. 'നീ എന്നെ വിളിക്കാൻ കാരണം എന്താണ്, എസ്.ഡി.പി.ഐയിൽ പോടാ, നീ ഇവിടെ ഇരിക്കല്ലിടാ, തിരുവനന്തപുരത്ത് പോയി നിന്നെ സ്ഥലംമാറ്റും' എന്നൊക്കെയായിരുന്നു ഭീഷണി.

ജീവനക്കാരും ജനങ്ങളും പ്രതിഷേധവുമായി എത്തിയതോടെയാണ് ഇദ്ദേഹം പിന്തിരിഞ്ഞത്. 

Tags:    
News Summary - Angry with CITU leader; CPM leader's action in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.