കായംകുളം: താൽക്കാലിക നിയമനം അജണ്ടയായ കായംകുളം നഗരസഭ കൗൺസിൽ യോഗം യു.ഡി.എഫ് പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി. ബഹളത്തിനിടെ നിയമനം അടക്കമുള്ള അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ കൗൺസിൽ പിരിച്ചുവിട്ടു.
ഇതിൽ പ്രതിഷേധിച്ച് ചെയർപേഴ്സനെയും സെക്രട്ടറിയെയും തടഞ്ഞുവെച്ച് കൗൺസിൽ ഹാൾ പൂട്ടിയത് കൈയാങ്കളിയുടെ വക്കിലെത്തിച്ചു. നഗരസഭയിലും ഗവ. ആശുപത്രിയിലുമുള്ള താൽക്കാലിക നിയമനങ്ങൾക്ക് പിന്നിൽ അഴിമതിയാണെന്ന് കാട്ടിയാണ് യു.ഡി.എഫ് പ്രതിഷേധം ഉയർത്തിയത്.
പ്രധാന അജണ്ടകൾ വീണ്ടും ചർച്ച ചെയ്യാമെന്ന ചെയർപേഴ്സൻ പി. ശശികലയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾ നീണ്ട ഉപരോധം യു.ഡി.എഫ് അവസാനിപ്പിച്ചത്. നിയമനങ്ങൾക്ക് പിന്നിൽ വൻ അഴിമതിയാണെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മാർച്ച്
കായംകുളം: താലൂക്ക് ആശുപത്രിയിലെ പിൻവാതിൽ നിയമനത്തിന് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ഭരണ മറവിൽ സി.പി.എം-സി.പി.െഎ അംഗങ്ങളെ തിരുകി കയറ്റുന്നതിലൂടെ യുവജനങ്ങളോട് വഞ്ചന കാട്ടുകയാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം. നൗഫൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹസീം അമ്പീരേത്ത് അധ്യക്ഷത വഹിച്ചു. അഫ്സൽ പ്ലാമൂട്ടിൽ, ഹാഷിം സേട്ട്, ഷാനവാസ്, അജി, സജീദ് ഷാജഹാൻ, അമൽ കുന്നിൽ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.