വെ​ട്ടി​കോ​ട് പു​ഞ്ച​യു​ടെ സൗ​ന്ദ​ര്യ​ക്കാ​ഴ്ച

പ്രകൃതിമനോഹാരിതയിൽ ഭരണിക്കാവ്

കായംകുളം: പച്ചവിരിച്ച വയലേലകളും ഇടതൂർന്ന വൃക്ഷലതാദികളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും തെങ്ങിൻതോപ്പുകളും അടങ്ങുന്ന പ്രകൃതിരമണീയതയാണ് ഓണാട്ടുകരയുടെ ഭാഗമായ ഭരണിക്കാവിന്‍റെ മനോഹാരിതക്ക് അടിസ്ഥാനം. ഭൂമിശാസ്ത്രപരമായി ഇടനാടിന്‍റെയും തീരപ്രദേശത്തിന്‍റെയും ലക്ഷണങ്ങളാണ് പ്രത്യേകത. ഗ്രാമത്തിന്‍റെ പടിഞ്ഞാറൻ പ്രദേശത്തിനാണ് തീരപ്രദേശത്തിന്‍റെ ഘടനയുള്ളത്.

ചെറുകുന്നുകളും ചരിവുകളും താഴ്വരകളുമായി കിഴക്കൻ പ്രദേശം ഇടനാടിനോട് സാമ്യപ്പെടുന്നു. ഉയർന്ന ഭാഗത്ത് ചെങ്കൽമണ്ണും താഴ്ന്ന ഭാഗത്ത് ചളികലർന്ന പശിമരാശി മണ്ണുമാണ് ഭൂമിയുടെ ഘടന.പുഞ്ചവാഴ്ക പുഞ്ച, വെട്ടികോട്, പൂവത്തൂർചിറ, ഇലിപ്പക്കുളം, ഭരണിക്കാവ്, മഞ്ഞാടിത്തറ, കന്നിമേൽ എന്നിങ്ങനെ ഏഴ് നിർത്തട മേഖലകളായാണ് ഗ്രാമത്തെ തരംതിരിച്ചിരിക്കുന്നത്. ഈ വയൽപ്രദേശങ്ങളാണ് ഗ്രാമത്തെ പച്ചപ്പണിയിക്കുന്നത്.

വിരിപ്പ്, മുണ്ടകൻ നെൽകൃഷിയും മൂന്നാംവിളയായി എള്ളും വിളഞ്ഞിരുന്ന പാടശേഖരങ്ങളാണ് ഗ്രാമത്തിന്‍റെ ദൃശ്യഭംഗി കൂട്ടിയിരുന്നത്. ഇടതൂർന്ന തെങ്ങിൻതോപ്പുകളും ഇടവിള കൃഷികളും നാടിനെ എന്നും പച്ചപ്പണിയിക്കുന്നു. ഇലിപ്പക്കുളം, മഞ്ഞാടിത്തറ, ഭരണിക്കാവ്, വെട്ടിക്കോട് ചാൽ, ആന്നിയിൽ ചാൽ എന്നീ നീർത്തടങ്ങളും കുളങ്ങളുടെ ആധിക്യവും ഗ്രാമത്തിന്‍റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്.

കുളങ്ങളോട് ചേർന്ന കാവുകളും പ്രത്യേകതകളാണ്. കാവുകൾ തിങ്ങിനിറഞ്ഞ സർപ്പങ്ങളെ പൂജിക്കുന്ന പുരാതന നാഗരാജക്ഷേത്രം ഇവിടെയാണ്. വെട്ടികോട് ആദിമൂലം ശ്രീനാഗരാജ ക്ഷേത്രം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ആരാധനാലയമാണ്. ദൃശ്യചാരുതയാൽ ക്ഷേത്രവും പരിസരവും വേറിട്ട് നിൽക്കുന്നു.

സസ്യങ്ങളും വൃക്ഷങ്ങളും തിങ്ങിനിറഞ്ഞ ആറ് ഏക്കറിലാണ് ക്ഷേത്രവും സർപ്പക്കാവും. മണ്ണ് വെട്ടിക്കൂട്ടി നാഗപ്രതിഷ്ഠ നടത്തിയതാണ് വെട്ടിക്കോട് എന്ന പേര് വീഴാൻ കാരണമെന്നാണ് ഐതീഹ്യം. ശ്രീകോവിൽ കൂടാതെ തേവാരപ്പുരയും നിലവറയും ഇവിടത്തെ പ്രധാന ദർശന കേന്ദ്രങ്ങളാണ്.

പഞ്ചവാദ്യം, നാഗസ്വരം, പുള്ളുവൻപാട്ട്, വായ്ക്കുരവകൾ എന്നിവ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ കന്നിമാസത്തിലെ ആയില്യം നാളിലാണ് ഉത്സവം. ഉത്സവകാലത്ത് അന്തരീക്ഷമാകെ മഞ്ഞളിന്‍റെ സുഗന്ധം നിറഞ്ഞുനിൽക്കും.മഞ്ഞളും ഉപ്പും പുറ്റും മുട്ടയും ഒക്കെയാണ് ക്ഷേത്രത്തിന്‍റെ നടക്കൽ വെക്കുന്നത്. കേരളത്തിലെ പ്രധാന സർപ്പാരാധാന കേന്ദ്രമായ ക്ഷേത്രത്തിന് ചുറ്റും ധാരാളം നാഗപ്രതിമകളും ശിൽപങ്ങളും കാണാനാകും. നാഗലിംഗ പൂക്കളാണ് പൂജക്ക് ഉപയോഗിക്കുന്നത്.

Tags:    
News Summary - Bharnikav in natural beauty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.