കറ്റാനം: കുടിവെള്ള േസ്രാതസുകളിലും പാടശേഖരത്തും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് എതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കണ്ടല്ലൂർ പേട്ടാളിമാർക്കറ്റ് വിഷ്ണു ഭവനത്തിൽ വിഷ്ണുവിന് (30) എതിരെയാണ് കേസ്. കട്ടച്ചിറ പാടശേഖരം, നീരൊഴുക്ക് തോട്, റോഡരികിലെ കുളങ്ങൾ എന്നിവിടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിലാണ് നടപടി.
പ്രദേശത്ത് നിരന്തരമായി കക്കൂസ് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതിന് കാരണമായിരുന്നു. ഇതോടൊപ്പം അസഹ്യമായ ദുർഗന്ധം കൂടിയായതോടെ പരിസര താമസക്കാരാണ് പ്രയാസത്തിലായത്. ഇരുളിന്‍റെ മറവിൽ നമ്പർ മറച്ച വാഹനത്തിൽ എത്തിയാണ് മിക്കപ്പോഴും മാലിന്യം തള്ളിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഗതികെട്ടതോടെ പ്രദേശവാസികൾ സി.സി.ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞാഴ്ച പാറക്കൽമുക്ക്- മങ്ങാരം റോഡിൽ വടുതല കുളത്തിൽ മാലിന്യം നിക്ഷേപിച്ച വള്ളികുന്നം കൈമൂട്ടിൽ കിഴക്കതിൽ വിഷ്ണുരാജിന്‍റെ ഉടമസ്ഥതയിലുള്ള ലോറി ദൃശ്യത്തിൽ പതിഞ്ഞതോടെയാണ് തെളിവ് ലഭിച്ചത്. ഇതിനിടെ കൊട്ടാരക്കര പുത്തൂർ പ്രദേശത്ത് മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ വാഹനം പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തത്. വാഹനവും ഡ്രൈവറെയും കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.