കായംകുളം: നഗരവാസികളുടെ ചിരകാല സ്വപ്നമായ ലിങ്ക് റോഡിലെ സെൻട്രൽ സ്വകാര്യ ബസ് സ്റ്റാൻഡ് സ്ഥാപിക്കൽ അട്ടിമറിയിലേക്ക് എന്ന് സംശയമുയരുന്നു. കഴിഞ്ഞ ബജറ്റിൽ ബസ് സ്റ്റാൻഡിനെകുറിച്ച് വിശദമായി പ്രതിപാദിപ്പിക്കപ്പെട്ടിരുന്നു. ഇത്തവണ വിഷയം ഒഴിവാക്കിയതാണ് സംശയത്തിന് കാരണം. നഗരവാസികളുടെ സ്വപ്നവും ഭരണ സമിതിയുടെ വെല്ലുവിളിയുമായിരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്ഡ് യാഥാർത്ഥ്യമാകുകയാണെന്നാണ് കഴിഞ്ഞ ബജറ്റിന്റെ ആമുഖത്തിലെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളും സർവേ നമ്പരും അടക്കം വിവരിച്ചായിരുന്നു വാഗ്ദാനം. എന്നാൽ ഈ വർഷത്തെ ബജറ്റിൽ ഇതുസംബന്ധിച്ച ഒരു വിശദീകരണവും ഇടംപിടിച്ചിട്ടില്ല. നഗര വികസനത്തിന്റെ ഭാവി സ്വപ്നം കാണുന്നതിനപ്പുറം സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ചിലരുടെ താൽപര്യങ്ങളാണ് സ്റ്റാൻഡ് പദ്ധതി അട്ടിമറിയിലേക്ക് എത്തിച്ചിരിക്കുന്നത്.
കാലങ്ങളായി തുടരുന്ന വിവാദം കത്തി നിൽക്കുമ്പോഴും രാഷ്ട്രീയ പാർട്ടികൾ തുടരുന്ന നിസംഗത ശ്രദ്ധേയമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് യു.ഡി.എഫ് ഭരണ കാലത്താണ് നഗരമധ്യത്തിൽ 1.80 ഏക്കർ സ്ഥലം സ്റ്റാൻഡിനായി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടത്. പദ്ധതി ബജറ്റിലടക്കം ഉൾപ്പെട്ട ശേഷം ഇപ്പോഴത്തെ ഉടമ സ്ഥലം വിലക്ക് വാങ്ങിയതോടെയാണ് ഭരണ-പ്രതിപക്ഷ നിരയിലെ ചില നേതാക്കളുടെ നയംമാറ്റം പ്രകടമാകുന്നത്. 2005ലെ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുപ്പ് ബജറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരെ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതൃത്വത്തിൽ പ്രക്ഷോഭം അരേങ്ങറി.
കോൺഗ്രസ്-ലീഗ് പാർട്ടികളിലെ ഭൂരിപക്ഷവും വ്യാപാരി സംഘടനയും സമരത്തെ പിന്തുണച്ചു. ഇതിന്റെ ഫലമായി സ്ഥലം ഏറ്റെടുപ്പ് ഐക്യകണേ്ഠനെ വീണ്ടും ബജറ്റിൽ ഇടംപിടിച്ചു. തുടർന്ന് കെട്ടിടം പണിക്കായി ഉടമ നൽകിയ അപേക്ഷ കൗൺസിൽ നിരസിച്ചു. ഇതിനെതിരെ ട്രൈബ്യൂണലിൽ നൽകിയ അപ്പീലും തള്ളി. വിഷയം ഹൈകോടതിയുടെ മുന്നിലെത്തിയപ്പോൾ നിർമാണത്തിന് ബജറ്റിൽ തുക വക കൊള്ളിച്ചിട്ടില്ലെന്ന വാദമാണ് ഉടമ ഉയർത്തിയത്. തുടർന്നുള്ള ബജറ്റുകളിൽ തുക വകകൊള്ളിച്ചെങ്കിലും വിനിയോഗിക്കാതെ വകമാറ്റുകയായിരുന്നു.
ഇതിനിടെ ഏഴര വർഷം മുമ്പ് ഇടത് മുന്നണി ഭരണം പിടിച്ചതോടെ ഉടമക്ക് അനുകൂലമായ നീക്കങ്ങൾ തുടങ്ങി. സ്ഥലത്ത് നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലൂടെ ബസ് കടന്നുപോകാൻ അനുവദിക്കാമെന്ന നിർദേശമാണ് ഉടമ ആദ്യം ഉയർത്തിയത്. ഇത് വിമർശനത്തിന് കാരണമാകുമെന്ന് തിരച്ചറിഞ്ഞതോടെ കുറഞ്ഞ സ്ഥലം സ്റ്റാൻറിനായി ഏറ്റെടുത്ത് വിഷയം പരിഹരിക്കാമെന്ന ധാരണയുണ്ടാക്കി. നിർമാണം സാധ്യമല്ലാത്ത തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന 35 സെന്റ് സ്ഥലമാണ് വിട്ടുനൽകാൻ ധാരണയായത്. 12 അടിയോളം താഴ്ചയിലുള്ള കായലോരത്തെ സ്ഥലത്ത് നിർമാണം സാധ്യമാണോയെന്ന ചോദ്യത്തിന് ഉത്തരവും ഉണ്ടായില്ല.
ധാരണയായി വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം നഗരസഭക്ക് സ്വന്തമായോ എന്നതിലും വ്യക്തതയില്ല. ഈ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റിൽ ‘പ്രൈവറ്റ് ബസ് സ്റ്റാൻഡ്’ എന്ന് മാത്രം ഇടംപിടിച്ചത് സംശയങ്ങൾക്കിട നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.