കായംകുളം: വിഭാഗീയതകൾ വെട്ടിയൊതുക്കി നിലവിലെ ഏരിയ കമ്മിറ്റി നേതൃത്വം വ്യക്തമായ മേൽക്കൈ നേടിയ സി.പി.എം കായംകുളം ഏരിയയിൽ വെള്ളിയും ശനിയുമായി നടക്കുന്ന സമ്മേളനത്തിൽ വിമർശനപ്പെരുമഴക്ക് സാധ്യത. കണ്ടല്ലൂർ സഹകരണ ബാങ്ക് പണയ തട്ടിപ്പും ചർച്ചയായേക്കും. സജി ചെറിയാൻ ഒഴികെയുള്ള ജില്ല നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിനാണ് ഇവിടെ മേൽക്കൈ.
ഏരിയ കമ്മിറ്റിയിലെ ഇവരുടെ വ്യക്തമായ മേധാവിത്വം 14 ലോക്കൽ സമ്മേളനത്തിലും പ്രതിഫലിച്ചിരുന്നു. ഭൂരിഭാഗം പ്രതിനിധികളെയും ഉറപ്പാക്കാനും ഇവർക്കായി. 169 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് എം.എൽ.എയും ഡി.വൈ.എഫ്.െഎയും തമ്മിൽ ഉണ്ടായ തുറന്ന പോരിെൻറ പ്രതിഫലനം സമ്മേളനത്തിലുടനീളം അലയടിക്കുമെന്ന സൂചനയാണുള്ളത്.
ഇതിനെ ചെറുക്കാൻ സജി ചെറിയാനെ അനുകൂലിക്കുന്ന വിഭാഗവും കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്. എം.എൽ.എയുടെ ഒാഫിസിനുനേരെയും വിമർശനം ഉയർന്നേക്കും. അതിനിടെ, പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച ചർച്ചകളും വിവിധ കേന്ദ്രങ്ങളിൽ സജീവമാണ്. നിലവിെല കമ്മിറ്റിയിൽനിന്ന് ചിലരെ ഒഴിവാക്കാൻ നീക്കമുണ്ട്. പ്രായമാനദണ്ഡം പാലിച്ചാൽ പ്രഫ. എം.ആർ. രാജശേഖരനും എം. രാമചന്ദ്രനും ഒഴിവാകേണ്ടി വരും.
ജില്ല കമ്മിറ്റി അംഗമായതിനാൽ എൻ. ശിവദാസനെ ഒഴിവാക്കിയേക്കും. നിലവിൽ രണ്ട് ഒഴിവുകളുമുണ്ട്. ഒൗദ്യോഗികപക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് പോയാൽ മത്സര സാധ്യതയും ഉരുത്തിരിഞ്ഞേക്കുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വേലൻചിറയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ളയും 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരനും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.