കായംകുളം: തീരദേശത്തുകാരുടെ നഗരത്തിലേക്കുള്ള സുഗമമായ സഞ്ചാരം തടയുന്നതരത്തിലെ ദേശീയപാത വികസനത്തിൽ നാട്ടുകാർ ആശങ്കയിൽ. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേഗത്തിൽ ആശ്രയിക്കുന്ന നഗരം കോട്ടകെട്ടി വേർതിരിക്കുന്നതാണ് പാതവികസനമെന്ന് ഇവർ പറയുന്നു. സൂനാമി തിരമാലകൾ ആറാട്ടുപുഴയുടെ തീരത്തെ വിഴുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് അന്ന് അനുഭവിച്ച ഗതാഗത പ്രതിസന്ധിയെ വിസ്മരിച്ചാണ് ദേശീയപാത വികസനം രൂപപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം. 2004 ഡിസംബർ 26ന് ലോകത്തെ നടുക്കിയ സൂനാമി ഭീകര തിരമാലകൾ വരുത്തിയ നഷ്ടങ്ങളുടെ മുറിപ്പാടുകളിൽനിന്നും ആറാട്ടുപുഴ തീരഗ്രാമം ഇന്നും മുക്തരായിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം 29 ജീവനാണ് പൊലിഞ്ഞത്. നിരവധിപ്പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വീടുകൾ തകർന്നു. ആയിരങ്ങൾ വീടുവിട്ട് പലായനം ചെയ്തു. പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
അന്ന് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമായത് ദേശീയപാതയിൽനിന്ന് തീരഗ്രാമത്തിലേക്ക് വേഗത്തിലെത്താനുള്ള റോഡ് സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു. കായംകുളം കായലിന് കുറുകെ പാലമില്ലാതിരുന്നതിനാൽ 30 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടി വന്നു. സൂനാമിക്ക് ശേഷം കായലിന് കുറുകെ കൊച്ചീടെ ജെട്ടിയിൽ പാലം വന്നതോടെ കായംകുളത്തേക്കുള്ള ദൂരം 10 കിലോമീറ്ററായി കുറഞ്ഞു. ഇപ്പോഴും മത്സ്യബന്ധനത്തിനിടെ ദുരന്തത്തിൽപെടുന്നവരെ വേഗത്തിൽ എത്തിക്കുന്നതും കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണ്.
ഇവരെ കൂടാതെ കായലിന് കിഴക്കേ കരയിലുള്ള മുതുകുളം, ചിങ്ങോലി, കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്തുകളിലെയും നഗരത്തിലെ 15ഓളം വാർഡുകളിലെയും പതിനായിരക്കണക്കിന് ജനങ്ങൾക്ക് കിഴക്കൻ മേഖലയിലേക്ക് കടക്കാനുള്ള ദേശീയപാതയിലെ പ്രധാന കവാടമാണ് കോളജ് ജങ്ഷൻ. ഇവിടെ അടക്കുന്നതോടെ വഴിമുട്ടും. തീരവാസികളുടെ നിത്യജീവിതത്തോട് ഇഴചേർന്ന് നിൽക്കുന്ന നിരവധിയായ സംരംഭങ്ങളും ദേശീയപാതയുടെ കിഴക്കേ കരയിലാണുള്ളത്. ഇതൊന്നും പരിഗണിക്കാതെ കനത്ത പ്രതിഷേധം ഉയർന്നപ്പോൾ ചെറിയൊരു അടിപ്പാതയാണ് ഇവിടേക്ക് നിർദേശിച്ചിരിക്കുകയാണ്. ഇത് സുഗമമായ ഗതാഗതത്തിന് സഹായകരമല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉയരപ്പാത ആവശ്യം പ്രസക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.