കായംകുളം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നേതൃത്വത്തിന് തലവേദനയായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുപോര് രൂക്ഷം. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട എ ഗ്രൂപ്പിന്റെ അസംതൃപ്തിയാണ് കാരണം. ‘എ’യുടെ കൈവശത്തിലായിരുന്ന മണ്ഡലങ്ങൾ ഐ-കെ.സി വിഭാഗങ്ങൾ കൈയടക്കിയെന്നാണ് ആക്ഷേപം.
നോർത്ത് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേൽക്കൽ ചടങ്ങിലേക്ക് എ ഗ്രൂപ് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ കാര്യങ്ങൾ കൈവിടുകയാണ്. പ്രകടനം എത്തുന്നതിന് മുമ്പ് ചടങ്ങ് അവസാനിപ്പിച്ചതാണ് ഏറ്റുമുട്ടൽ ഒഴിവാകാൻ സഹായിച്ചത്. എന്നാൽ, ചടങ്ങ് നടന്ന സ്ഥലത്തെ കസേരകൾ അടിച്ചുതകർത്താണ് പ്രകടനക്കാർ രോഷം തീർത്തത്.
കഴിഞ്ഞയാഴ്ച കോൺഗ്രസ് ഭവനിലും സമാന സംഭവം അരങ്ങേറി. സൗത്ത് ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേൽക്കൽ ചടങ്ങിൽ എ ഗ്രൂപ്പിന്റെ പ്രതിഷേധം കൈയാങ്കളിയിലൂടെയാണ് പ്രകടിപ്പിച്ചത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങൾ മറ്റ് ഗ്രൂപ്പുകൾ തട്ടിയെടുക്കുകയാണെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
ഇതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ഇവർ പറയുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു പ്രകടനമെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ചുമതല വഹിച്ചിരുന്നവർ ഗ്രൂപ് മാറിയതോടെ എയുടെ അവകാശവാദം നഷ്ടമായതായാണ് മറ്റ് ഗ്രൂപ്പുകൾ പറയുന്നത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജുവിനും ഡി.സി.സി പ്രസിഡന്റിനും എതിരെയുള്ള പ്രതിഷേധമാണ് നോർത്ത് മണ്ഡലത്തിൽ അലയടിച്ചത്. എ ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരെ കായംകുളത്ത് കയറാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ പരസ്യവെല്ലുവിളി. കൂടാതെ നേതാക്കൾക്കെതിരെ കടുത്ത അസഭ്യപ്രയോഗവുമുണ്ടായി.
വിഷയം സമൂഹമാധ്യമങ്ങളിലും ചർച്ചയായതോടെ ചേരിതിരിവ് കൂടുതൽ പ്രകടമാകുകയാണ്. ഇതിനിടെ നേതാക്കളെ പരസ്യമായി അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെടാനാണ് എ വിരുദ്ധരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.