കായംകുളം: കെ.പി റോഡിൽ റെയിൽവേ ജങ്ഷനിലെ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ആദ്യ ദിനംതന്നെ നഗരത്തെ ശ്വാസംമുട്ടിച്ചു. റെയിൽവേ മേൽപാലത്തിന് വടക്ക് വശമുള്ള ചെറിയ അടിപ്പാതയിൽ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ നിറഞ്ഞതാണ് പ്രശ്നമായത്. ഇതുകാരണം മണിക്കൂറുകൾ വാഹനങ്ങൾ കുരുക്കിൽപെട്ടു. ഇതോടൊപ്പം ട്രെയിൻ വരുന്ന സമയത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾകൂടി നിരത്തിലേക്ക് ഇറക്കുമ്പോൾ ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാകും.
റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങളും പെരിങ്ങാല ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും ഒരുപോലെ ചെറിയ അടിപ്പാതയെ ആശ്രയിക്കുന്നത് പ്രശ്നമാണ്. ദേശീയപാതയിൽനിന്ന് കെ.പി റോഡിൽ കയറാതെ സമാന്തരമായി ഉപയോഗിക്കുന്ന പെരിങ്ങാല റോഡിൽ ഏത് സമയവും തിരക്ക് ഏറെയാണ്. ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് മേൽപാലത്തിൽ അറ്റകുറ്റപ്പണിയും റോഡിന്റെ ഇരുവശത്തെയും സംരക്ഷണഭിത്തിയുടെ പുനർനിർമാണവും നടക്കുന്നത്. ഒരുമാസമാണ് ഇതിനായി കെ.പി റോഡിൽ തടസ്സം നേരിടുന്നത്. ഈ സാഹചര്യത്തിൽ ട്രാഫിക് പൊലീസുകാരെ നിയോഗിച്ച് ഗതാഗത നിയന്ത്രണം ശാസ്ത്രീയമാക്കിയാൽ മാത്രമേ പരിഹരിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.