കായംകുളം: റെയിൽവേ ജങ്ഷനിലെ മേൽപാല നിർമാണത്തിന് കെ.പി റോഡിൽ ഒരുമാസം ഗതാഗതം നിലക്കുമ്പോൾ ബദൽ പാതകളിൽ സൗകര്യം ഒരുക്കുന്നതിൽ ഗുരുതര വീഴ്ച. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ നിശ്ചയിച്ച രണ്ട് അടിപ്പാതകളിലെയും റോഡിൽ സൗകര്യം ഒരുക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്. ആദ്യ ദിനംതന്നെ നഗരം വാഹന ഞെരുക്കത്താൽ ശ്വാസംമുട്ടിയതോടെയാണ് വിഷയം ചർച്ചയായത്. നഗരസഭയും പൊതുമരാമത്തും ഇക്കാര്യത്തിൽ ഒരുപോലെ അലംഭാവം കാട്ടിയെന്നാണ് ആക്ഷേപം. കിഴക്കൻ മേഖലയിൽനിന്നും നഗരത്തിലേക്ക് എത്തുന്നവരാണ് പ്രധാനമായും വലയുന്നത്.
ചെറിയ വാഹനങ്ങൾക്ക് നിശ്ചയിച്ച നഗരസഭ- പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ ശോച്യമാണ്. ഈ റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതാണ് പ്രശ്നമായത്. ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന് റോഡിലേക്ക് തടസ്സമായി നിൽക്കുന്നവ ഒഴിവാക്കാനായില്ല.
വെള്ളക്കെട്ടായ കുഴികൾ നികത്താതിരുന്നതും പ്രശ്നമായി. സമയത്തിന് റെയിൽവേ ബസ് സ്റ്റാൻഡുകളിൽ എത്തേണ്ട യാത്രക്കാരാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്. കുരുക്ക് വകഞ്ഞുമാറ്റി റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ട്രെയിൻ കടന്നുപോകുന്ന സ്ഥിതിയാണ്. ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാരും മറ്റ് യാത്രികരും ഒരുമാസത്തിലധികം നേരിടേണ്ടി വരുന്ന ഗതാഗത വിഷയത്തിൽ ഗൗരവമായ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. വിഷയത്തിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മുൻ വൈസ് ചെയർമാനും കെ.പി.സി.സി അംഗവുമായ യു. മുഹമ്മദ് നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.