കായംകുളം: കോവിഡ് വ്യാപനകാലത്ത് ജാഗ്രത കൈവിടുന്ന സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രണ്ടര മിനിറ്റിനുള്ളിൽ സംഭാഷണമില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ച 'ഇത് കളിയല്ല' എന്ന ചിത്രം വൈറലാകുകയാണ്. നാട്ടിൻപുറത്തെ നന്മകളിലേക്ക് കടന്നുകയറുന്ന വൈറസുകൾക്കെതിരെയുള്ള മുന്നറിയിപ്പും കുഞ്ഞുസിനിമയിൽ വായിച്ചെടുക്കാം.
കോവിഡ് കാലത്തെ നാട്ടിൻപുറ ചായക്കടയിലെ പ്രഭാതകാഴ്ചയുടെ പശ്ചാത്തലമാണ് ഇതിവൃത്തം. റേഡിയോയിൽനിന്നുള്ള ചലച്ചിത്രഗാനം ആസ്വദിച്ച് ചായ കുടിക്കുന്നവരിലൂടെയാണ് തുടക്കം. സമൂഹത്തിെൻറ വിവിധ വിഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ ചായ കുടിക്കാൻ എത്തുന്നു. ഇവരിൽ മൊബൈലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂജനറേഷൻകാരൻ മാത്രമാണ് മാസ്കുധാരി.
മുറുക്കാൻ നീട്ടിത്തുപ്പുന്ന മൂപ്പിലാനും ഇളിഞ്ഞ ചിരിയുമായി എത്തുന്ന കാരണവരും മുറ്റത്ത് കുത്തിയിരുന്ന് ബീഡി പുകച്ച് ചായ ആസ്വദിക്കുന്ന പഴമക്കാരും ഷർട്ട് ധരിക്കാത്ത ചായക്കടക്കാരനും അഭിനയ മികവിൽ ചിത്രത്തെ വേറിട്ട് നിർത്തുന്നു. സമൂഹ അകലം പാലിക്കാതെ കടയിലെ െബഞ്ചിൽ ഇരിപ്പിടം കണ്ടെത്താനുള്ള വ്യഗ്രതയും ചിത്രീകരിച്ചിട്ടുണ്ട്. ചലച്ചിത്രഗാന പരിപാടി കഴിഞ്ഞ് കോവിഡ് ബോധവത്കരണത്തിലേക്ക് കടന്നതോടെ മൊബൈൽ പോക്കറ്റിലിട്ട് ന്യൂജനറേഷൻകാരൻ പോകാൻ എഴുന്നേറ്റു. മാസ്ക് മാറ്റി തുമ്മാനെന്ന പോലെ ഒന്നാഞ്ഞു. ഇൗ സമയം മാസ്കില്ലാതിരുന്ന കാരണവന്മാരടക്കമുള്ളവർ ഭയചകിതരായി കിട്ടുന്നതുെവച്ച് മുഖം മറയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചയോടെയാണ് ചിത്രം അവസാനിക്കുന്നത്.
നടൻ കൂടിയായ സഹീർ മുഹമ്മദാണ് സംവിധാനം ചെയ്തത്. ആശയം നൽകിയ സലീൽ ഇല്ലിക്കുളമാണ് ചായാഗ്രഹകൻ. സഹീർ മുഹമ്മദ്, ജി. രാജീവ് കുമാർ, സത്യൻ വള്ളികുന്നം, കാർത്തികേയൻ, ഷാജഹാൻ സലിം, ഗോപാലൻ എനിവരാണ് വേഷമിട്ടത്. നിയാസ് ഇസ്മായിൽ, അസീം പാരീസ് എന്നിവർ അണിയറക്കാരായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.