കായംകുളം: ഓണാട്ടുകരയിലെ നാളികേര കർഷകരിൽ പ്രതീക്ഷയുണർത്തുന്ന ഗവേഷണ സമ്മാനവുമായി കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം. കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്ന മുന്തിയ ഇനം തെങ്ങിൻ തൈ നീണ്ടനാളത്തെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്തു.
ഗവേഷണ കേന്ദ്രത്തിന്റെ 75ാം വാർഷിക ഉപഹാരമായാണ് ഇത് നാടിന് സമർപ്പിക്കുന്നത്. കൽപവജ്ര എന്ന പ്രമേയത്തിൽ ഒരു വർഷമായി നടക്കുന്ന ആഘോഷത്തിൽ കാർഷിക വികസനത്തിനായി ഒട്ടേറെ ഇടപെടലുകൾ സ്ഥാപനം നടത്തിവരുന്നുണ്ട്. വാർഷിക ഓർമക്കായാണ് പുതിയ ഇനത്തിന് കൽപ ‘വജ്ര’ എന്ന് നാമകരണം ചെയ്തത്.
തെങ്ങ് കർഷകർക്ക് കൂടുതൽ ആദായകരമാകുന്ന ഇനമായതിനാൽ ഇതിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷ. നെടിയ ഇനങ്ങൾ സങ്കരണം ചെയ്താണ് കൽപവജ്ര വികസിപ്പിച്ചെടുത്തത്. രോഗം ഉള്ളതും ഇല്ലാത്തതുമായ 50ഓളം ഇനങ്ങളിൽ ഏറെക്കാലം ഇതിനായി നിരീക്ഷണ പഠനങ്ങൾ നടത്തി. കാറ്റുവീഴ്ചയിൽനിന്നുള്ള പ്രതിരോധശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരു തെങ്ങിൽ 100 നാളികേരത്തിലധികമാണ് ഉൽപാദനക്ഷമതയെന്ന് സി.പി.സി.ആർ.ഐ മേധാവി പി. അനിതകുമാരി പറഞ്ഞു.
പൊതിച്ച തേങ്ങക്ക് മുക്കാൽ കിലോ ഭാരം പ്രതീക്ഷിക്കുന്നു. 200 ഗ്രാമിലധികം കൊപ്രയും 350 ഗ്രാമിലധികം മധുരമുള്ള കരിക്കിൻ വെള്ളവും ലഭിക്കും. മികച്ച ഫലപ്രാപ്തി നൽകുന്ന നെടിയ ഇനമാണ് ഇതെന്ന് കൽപവജ്ര വികസിപ്പിക്കാൻ നേതൃത്വം നൽകിയ ഡോ. റെജി ജേക്കബ് തോമസ് പറഞ്ഞു.
കർഷക പങ്കാളിത്തത്തോടെ സങ്കരയിനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാനായി തറയിൽനിന്നുതന്നെ ഉപയോഗിക്കാവുന്ന കൃത്രിമ പരാഗണ സംവിധാനവും രൂപപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സങ്കരശേഷി നഷ്ടപ്പെടാതെ പൂമ്പൊടികൾ ഒന്നോ രണ്ടോ മില്ലി അളവിൽ സൂക്ഷിക്കാനും സംവിധാനമായി. ഇത്തരത്തിൽ വർഷത്തിൽ 6000ത്തിലധികം പൂമ്പൊടി കിറ്റുകൾ കർഷകർക്ക് കൊടുക്കാനുള്ള സംവിധാനമാണ് സി.പി.സി.ആർ.ഐയിൽ തയാറാകുന്നത്. സങ്കരയിനങ്ങളുടെ ലഭ്യതക്കുറവ് ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാറ്റുവീഴ്ചയെ പ്രതിരോധിക്കാൻ 2008ൽ കൽപരക്ഷ, 2012ൽ കൽപശ്രീ, കൽപ ശങ്കര എന്നിവയും സി.പി.സി.ആർ.ഐ പുറത്തിറക്കിയ മറ്റിനങ്ങൾ.
സി.പി.സി.ആർ.ഐയിൽ 50 മാതൃവൃക്ഷങ്ങളാണുള്ളത്. പ്രതിവർഷം ഇതിൽനിന്ന് 1500 തൈകൾ ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ പത്തിയൂർ, ദേവികുളങ്ങര, ഓച്ചിറ പഞ്ചായത്തുകളിൽ കർഷകരുടെ സഹകരണത്തോടെ തൈ ഉൽപാദനത്തിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു. 150 പശ്ചിമതീര നെടിയ മാതൃവൃക്ഷ ഇനങ്ങളിലൂടെ പ്രതിവർഷം 4000 തൈ ഉൽപാദിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
ഡേ. റെജിക്ക് ഒപ്പം ശാസ്ത്രജ്ഞരായ എം. ഷരീഫ, ആർ.വി. നായർ, പി.എം. ജേക്കബ്, ആർ.ഡി. അയ്യർ, എം. ശശികല, പി.കെ. കോശി, എം.കെ. നായർ, മെറിൻ ബാബു, എം.പി. ഗോവിന്ദൻകുട്ടി, എൻ.ജി. പിള്ള, എം. ശ്രീനിവാസൻ, എം.കെ. രാജേഷ്, കെ. ദേവകുമാർ, അനിത കരുൺ, എസ്. കലാവതി എന്നിവരാണ് പ്രവർത്തിച്ചത്. 2025ഓടെ കർഷകർക്ക് തൈകൾ നൽകി തുടങ്ങുന്ന തരത്തിലാണ് ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.