കായംകുളം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ അരനൂറ്റാണ്ട് പഴക്കമുള്ള ‘കായംകുളം താലൂക്ക്’ ആവശ്യം വീണ്ടും ചർച്ചയിലേക്ക്. 1972 മാർച്ച് 22ന് സെക്രേട്ടറിയറ്റിന് മുന്നിൽ ഇൗ ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച ധർണയിൽ ഉമ്മൻ ചാണ്ടി അഭിവാദ്യം അർപ്പിച്ച് സംസാരിച്ചിരുന്നു. ഇതിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി മാറിയെങ്കിലും താലൂക്ക് എന്നത് യാഥാർഥ്യമായില്ല. മന്ത്രിയായ പി.കെ. കുഞ്ഞുസാഹിബ് രക്ഷാധികാരിയും എം.എൽ.എയായിരുന്ന തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള ചെയർമാനും നഗരസഭ ചെയർമാനായിരുന്ന കെ. നാരായണൻ കൺവീനറുമായിരുന്ന സമിതിയുടെ നേതൃത്വത്തിലാണ് താലൂക്കിനായി സമരം ആരംഭിക്കുന്നത്.
ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് തുടങ്ങി സമീപ പഞ്ചായത്തുകളിലെ പ്രസിഡൻറുമാരും പ്രദേശത്തെ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും അടങ്ങിയതായിരുന്നു സമര സമിതി. ധർണക്കുശേഷം മേയ് 25ന് സർവകക്ഷി ഹർത്താലും നടന്നു.
കാലം പിന്നിട്ടതോടെ സമരത്തിന്റെ തീക്ഷ്ണതക്ക് അയവ് വന്നെങ്കിലും ആവശ്യത്തിന്റെ പ്രസക്തി അതേപടി തുടരുകയാണ്. മിനി സിവിൽ സ്റ്റേഷനിൽ താലൂക്കിനായി ഓഫിസും നിർമിച്ച് ജനം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. താലൂക്ക് ഓഫിസും സപ്ലൈ ഓഫിസും ഒഴിച്ചുള്ള എല്ലാ ഓഫിസുകളും ഇവിടുണ്ട്. നിയമസഭാ രേഖകളിൽ ഏറ്റവും കൂടുതൽ തവണ പ്രഖ്യാപിക്കപ്പെട്ട താലൂക്കും കായംകുളമാണ്. പി.കെ. കുഞ്ഞ്, എം.കെ. ഹേമചന്ദ്രൻ, കെ.ഒ. ഐഷാബായി, തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള, തച്ചടി പ്രഭാകരൻ, എം.ആർ. ഗോപാലകൃഷ്ണൻ, ജി. സുധാകരൻ, എം.എം. ഹസൻ, സി.കെ. സദാശിവൻ തുടങ്ങി കായംകുളത്തെ വിവിധ ഘട്ടങ്ങളിൽ പ്രതിധിധീകരിച്ചവരും അല്ലാത്തവരുമായ നിയമസഭ സാമാജികരെല്ലാം താലൂക്കിനായി നിയമസഭയിൽ ശബ്ദം ഉയർത്തിയവരാണ്.
1979ൽ പ്രഖ്യാപനത്തിന്റെ വക്കിലെത്തിയെങ്കിലും സർക്കാറിന് രാജിവെക്കേണ്ടി വന്നു. ’87ൽ തച്ചടി പ്രഭാകരൻ ധനമന്ത്രിയായിരിക്കെ താലൂക്ക് യാഥാർഥ്യമാകുമെന്നതിന്റെ വക്കോളമെത്തി. തിരൂരങ്ങാടിക്കൊപ്പം കായംകുളം താലൂക്കും രൂപവത്കരിക്കാൻ മന്ത്രിസഭ അനുമതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തടസ്സമായി.
1993ൽ വിഷയം സബ്മിഷനായി സഭയിൽ വന്നപ്പോഴും അർഹമായ പരിഗണന ഉണ്ടാകുമെന്ന മറുപടിയായിരുന്നു. പിന്നീട് പുതിയ താലൂക്കുകൾ സംബന്ധിച്ച് പഠിക്കാൻ നിശ്ചയിച്ച സക്കറിയ മാത്യു കമീഷൻ, 1991ലെ ഡോ. ബാബുപോൾ കമീഷൻ, 1995ലെ എം.ജി.കെ. മൂർത്തി കമീഷൻ തുടങ്ങിയവയെല്ലാം അനുകൂലമായി റിപ്പോർട്ട് എഴുതിയിരുന്നു. 34 താലൂക്കുകൂടി സ്ഥാപിക്കണമെന്ന ബാബുപോൾ കമീഷൻ ശിപാർശയിൽ ആദ്യഘട്ടമായി നടപ്പാക്കേണ്ട 14ലും ഉൾപ്പെട്ടു.
1996ൽ ജി. സുധാകരന്റെ ചോദ്യത്തിനും അനുകൂല മറുപടിയാണ് സഭയിൽ ലഭിച്ചത്. പിന്നീട് മൂർത്തി കമീഷന്റെ ശിപാർശയിൽ കായംകുളം അടക്കമുള്ള താലൂക്കുകൾ 2001ൽ മന്ത്രി കെ.ഇ. ഇസ്മായിൽ പ്രഖ്യാപിച്ചെങ്കിലും ജലരേഖയായി. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ 24 താലൂക്കുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഭജിക്കുന്ന താലൂക്കുകളുടെ പട്ടികയിൽ കാർത്തികപ്പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്ന് പ്രഖ്യാപിച്ച പുതിയ 12 താലൂക്കിലും ഉൾപ്പെട്ടില്ല. പിന്നീട് ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.