കായംകുളം: തീഗോളങ്ങൾ ചിതറിത്തെറിക്കുന്ന യുക്രെയ്നിലെ യുദ്ധവഴികളിലൂടെയുള്ള സാഹസികയാത്രയുടെ ഭീതിയിൽനിന്ന് മോചിതയാകാതെ ദിയ തയ്യിബ. പൊലീസ് ഉദ്യോഗസ്ഥനായ കറ്റാനം കട്ടച്ചിറ പതിയാരത്ത് താഹക്കുഞ്ഞിന്‍റെയും ഇലിപ്പക്കുളം മണ്ണാറയിൽ സക്കീനയുടെയും മകൾ ദിയ തയ്യിബ (21) ചൊവ്വാഴ്ച പുലർച്ചയാണ് വീടണഞ്ഞത്. ഇവർ പഠിച്ചിരുന്ന ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് യുദ്ധത്തിൽ കാര്യമായ നാശം സംഭവിച്ചിരിക്കുന്നു. ദിയ പോന്നതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ആക്രമണം. ബങ്കർ ജീവിതവും രക്ഷപ്പെടലും വിവരിക്കുമ്പോൾ ദിയയുടെ മനസ്സിൽ ഇപ്പോഴും ഭയം തളംകെട്ടുകയാണ്. ഫെബ്രുവരി 24 നാണ് 135 മലയാളി പെൺകുട്ടികളുടെ ബങ്കർ ജീവിതം ആരംഭിക്കുന്നത്. നാല് ദിവസം കഴിഞ്ഞതോടെ ഭക്ഷണം തീർന്നു. ഇതിനിടെ യുദ്ധം കനത്തു. ബങ്കറിന് തൊട്ടുമുന്നിൽ വരെ ഷെല്ലുകൾ വീണതോടെ ഭയം കീഴ്പ്പെടുത്തി. ഇവർക്ക് പഠനസൗകര്യം ഒരുക്കുന്ന കൊല്ലം സ്വദേശി ഷജാസ് നാട്ടിലകപ്പെട്ടതും പ്രതിസന്ധിയായി. എന്നാൽ, യുക്രെയ്ൻ പൗരത്വമുള്ള ഷജാസിന്‍റെ ഫോണിലൂടെയുള്ള നിരന്തര ബന്ധപ്പെടലാണ് കുട്ടികൾക്ക് ധൈര്യം നൽകിയത്. നാലാം വർഷ വിദ്യാർഥിനി തൃശൂർകാരി ജസ്നയാണ് ധൈര്യം പകർന്ന് യാത്രക്ക് നേതൃത്വം നൽകാൻ തയാറായത്. ഇതോടെയാണ് ഹംഗറി വഴി രക്ഷപ്പെടാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
പെൺകുട്ടികൾ മിനിബസുകളിലും ആൺകുട്ടികൾ 24 കി.മീറ്ററോളം നടന്നുമാണ് കഴിഞ്ഞ രണ്ടിന് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തിക്കുംതിരക്കും നിറഞ്ഞ സ്റ്റേഷന് സമീപവും ഷെല്ലുകൾ വീണതോടെ ഒരുഘട്ടത്തിൽ രക്ഷപ്പെടലിന്‍റെ സാധ്യതതന്നെ അസ്തമിച്ചിരുന്നു. കൈയിലുണ്ടായിരുന്ന പാക്കറ്റ് ഭക്ഷണങ്ങളും തണുപ്പിൽനിന്ന് രക്ഷനേടാൻ കരുതിയ ബ്ലാങ്കറ്റ് അടക്കമുള്ള വസ്ത്രങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. ഇഴഞ്ഞുനീങ്ങുന്ന ട്രെയിനിൽ കിയവ് വഴിതന്നെ യാത്ര ചെയ്യേണ്ടിവന്നതും വല്ലാത്തൊരു അനുഭവമായിരുന്നു. ഹംഗറിയിൽ എത്തിയതോടെയാണ് എംബസി ഇടപെടൽ ചടുലമായത്. രണ്ട് ദിവസം ഹംഗറിയിൽ താമസിച്ചു. തുടർന്നാണ് മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയത്. പ്രതിസന്ധിയിലായ പഠനത്തിന് എങ്ങനെ പരിഹാരമാകുമെന്ന ചിന്തയാണ് ദിയയെ ഇപ്പോൾ അലട്ടുന്നത്. മകൾ മടങ്ങിയെത്തിയ സന്തോഷമാണ് താഹയും സക്കീനയും സഹോദരി ദിയ ഫാത്തിമയും പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.