കായംകുളം: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് സംവിധാനം അതേപടി നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനാധിപത്യ ഇന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലാണ് നാം എത്തി നിൽക്കുന്നത്.
ഫാഷിസം അതിന്റെ എല്ലാ ക്രൗര്യത്തോടെയും താണ്ഡവ നൃത്തമാടുമ്പോൾ ജനാധിപത്യ വിശ്വാസികൾ മൗനം വെടിയേണ്ട സന്നിഗ്ദ്ധ ഘട്ടമാണിത്. ഓരോ ദിനം പിന്നിടുമ്പോഴും പരസ്പര വിശ്വാസവും ഇഴയടുപ്പവും മതസൗഹാർദവും മാനവികതയും സമൂഹത്തിൽ നിന്നും ഇല്ലാതായി വരുന്ന കാഴ്ച്ച ഏറെ വ്യസനത്തോടെ മാത്രമേ ജനാധിപത്യ വിശ്വാസികൾക്ക് കാണാൻ കഴിയു.
എവിടെ നോക്കിയാലും ആശങ്കയുടെയും അരക്ഷിതയുടെയും കാഴ്ച്ചക്കാലമാണ്. നാടിന്റെ വികസനത്തിനും രാജ്യത്തിന്റെ സുസ്ഥിര വ്യവസ്ഥിതി നിലനിർത്തുന്നതിനും വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഏറെ ആലോചിച്ചേ സമ്മതിദാനവകാശം നിർവഹിക്കാവൂ. നവസമൂഹ്യമാധ്യമങ്ങളെ വിശ്വസിക്കാൻ പറ്റാത്തതാണ്. വൻ ഓഫറുകളിലൂടെ വോട്ടർമാരെ കെണിയിൽ വീഴ്ത്താൻ ജനാധിപത്യ വിരുദ്ധർ നടത്തുന്ന ശ്രമം തിരിച്ചറിഞ്ഞ് ചെറുക്കണം.
ഇനി ഒരിക്കലും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള അവസ്ഥ പോലും ഇല്ലാതാക്കുക എന്ന നിലയിലേക്കാണ് ഒരു വിഭാഗം കരുക്കൾ നീക്കുന്നത്. ഇതൊരു അവസാന തെരഞ്ഞെടുപ്പു എന്ന നിലയിൽ കാണുന്നവരുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നു. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ് എന്ന ചിന്തയില്ലാത്തിടത്തോളം നാം കെണിയിൽ വീഴുകതന്നെ ചെയ്യും. ഇതു രാഷ്ട്രീയ പ്രവർത്തകരെ മാത്രം ബാധിക്കുന്ന കാര്യമല്ല. മറിച്ച് ഓരൊവ്യക്തിയെയും ബാധിക്കുന്നതാണന്ന ഗൗരവത്തോടെയാവണം വോട്ട് വിനിയോഗിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.