കോടതിയിൽ ആർ.എസ്.എസ് അനുകൂല മൊഴി: ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പുറത്താക്കി

കായംകുളം: ആർ.എസ്.എസിന്​ അനുകൂലമായി കോടതിയിൽ മൊഴി നൽകിയതിന്​ ഡി.വൈ.വൈ.എഫ്.െഎ നേതാവിനെ സി.പി.എമ്മിെൻറ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. ഡി.വൈ.എഫ്.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിന് എതിരെയാണ് നടപടി.

2013 ൽ സുജിത്തിനും സുഹൃത്ത് വിശാഖിനും നേരെയുണ്ടായ വധശ്രമ കേസിലാണ് സുജിത്ത്​ പ്രതികൾക്ക് അനുകൂലമായി മൊഴിമാറ്റിയത്​. കേസ് ആലപ്പുഴ സെഷൻസ് കോടതിയിൽ വിചാരണയിലാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാകുമെന്ന തരത്തിൽ വിചാരണ പുരോഗമിക്കുന്നതിനിടെയുള്ള ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പ്രോസിക്യൂഷനും തിരിച്ചടിയായിരുന്നു. ലക്ഷങ്ങളുടെ കോഴ ഇടപാടാണ് മൊഴി മാറ്റത്തിന് കാരണമെന്നാണ് സംസാരം. വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്ന് കാട്ടി പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു.

31ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ സാനിധ്യത്തിൽ കൂടിയ ജില്ല കമ്മിറ്റിയുടെ നിർദ്ദേശാനുസരണമാണ് ബുധനാഴ്ച വൈകിട്ട് കറ്റാനം ലോക്കൽ കമ്മിറ്റി അടിയന്തിരമായി ചേർന്ന് നടപടി സ്വീകരിച്ചത്. വിഷയം വിവാദമായതോടെ മുഖം കൂടുതൽ വികൃതമാക്കാൻ അവസരം നൽകരുതെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം. അതിനിടെ, അയ്യങ്കാളി ജയന്തി ദിനാചരണ സന്ദേശം നൽകാത്തതിന്​ സുജിത്ത്​ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. ഇതി​െന്‍റപേരിൽ ഏതാനും ദിവസംമുമ്പ്​ സംഘടനയിൽനിന്ന്​ സസ്പെൻഡ്​ ചെയ്തിരുന്നു.

2013 ഏപ്രിലിൽ സുജിത്തിനെയും സുഹൃത്ത് വിശാഖിനെയും വിഷം പുരട്ടിയ ത്രിശൂലം ഉപയോഗിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. 15 ആർ.എസ്.എസ് പ്രവർത്തകരാണ് കേസിൽ പ്രതികളായത്. ഇതിൽ ഒന്നാം പ്രതി സുജിത്ത്, ഏഴാം പ്രതി കണ്ണപ്പൻ എന്നിവർ മരണപ്പെട്ടിരുന്നു. ഇവർ മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമായിരുന്നു മൊഴി നൽകിയത്.

എന്നാൽ സി.പി.എം നേതാക്കളുടെ ആർ.എസ്.എസുമായുള്ള അവിശുദ്ധ ബന്ധമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനമാകെ വ്യാപിച്ചിരിക്കുന്ന സി.പി.എമ്മിെൻറ കോഴ സംസ്കാരമാണ് കറ്റാനത്തും ആവർത്തിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ആരോപിച്ചു. മൊഴി മാറ്റത്തിൽ കോഴ വാങ്ങിയ നേതാക്കളുടെ പൊയ്മുഖം താമസിയാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - DYFI leader expelled from CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.