കായംകുളം: അതിവേഗത്തിൽ കാലം കുത്തിയൊഴുകി മറഞ്ഞിട്ടും സ്വാതന്ത്ര്യ സമര സേനാനി ബേക്കർ സാഹിബിന്റെ മനസ്സിൽ മായാതെയുണ്ടൊരു തെരഞ്ഞെടുപ്പ് ചിത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ ബേക്കർ പുതിയ കാലത്തെ ആശങ്കയോടെയാണ് നോക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മ സംതൃപ്തിയോടെയാണ് കഴിഞ്ഞുപോയ ഓരോ തെരത്തെടുപ്പുകളെയും നോക്കി കണ്ടിരുന്നത്. എന്നാൽ, വീര മനസ്സുകളുടെ ഉടമകൾ ത്യാഗങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം പതുക്കെ നഷ്ടമാകുന്നതിന്റെ സങ്കടമാണ് ഈ വയോധികന്റെ മനസ്സിൽ ഇന്ന്. വയസ്സ് 103 ൽ എത്തിയിട്ടും മനസ്സ് പഴയ ആവേശത്തിൽ തന്നെയാണ്. പോയകാലത്തെ നിരവധി തെരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കായംകുളം പെരിങ്ങാല പടിപ്പുരക്കൽ ബേക്കറിന്റെ മനസ്സിലുള്ളത്. 1948 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ മുഖ്യ ചുമതലക്കാരൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.
കരുനാഗപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കായംകുളത്ത് പി.കെ. കുഞ്ഞിന് എതിരെ മത്സരിച്ച ടി.എ. മൈതീൻ കുഞ്ഞിനായാണ് ബേക്കർ നിലയുറപ്പിച്ചത്. തെരഞ്ഞടുപ്പിൽ 10,000 വോട്ടിന് കുഞ്ഞ് ജയിച്ചു. എന്നാൽ, ചട്ടലംഘനങ്ങൾ കാട്ടി നടത്തിയ നിയമ പോരാട്ടത്തിൽ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തി മൈതീൻ കുഞ്ഞിനെ വിജയിയായി പ്രഖ്യാപിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണ്. പിന്നീട് പി.കെ. കുഞ്ഞുമായി സൗഹൃദത്തിലാകുകയും ജമാഅത്ത് കമ്മിറ്റിയിലും ട്രേഡ് യൂനിയനുകളിലും സഹ ഭാരവാഹികളായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു.
കായംകുളം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയായിരിക്കെയാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് ഇറങ്ങുന്നത്. 1938ൽ സിക്സ്ത് ഫോറം വിദ്യാർഥിയായിരിക്കെ 16 ാം വയസ്സിലാണ് സമരത്തിൽ ആകൃഷ്ടനാകുന്നത്. 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമാകുകയും 1945 ലും 1947 ലും അറസ്റ്റിലാകുകയും രണ്ട് തവണയായി 12 മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തലക്ക് രണ്ടായിരംരൂപ വിലയിട്ട ബേക്കർ ജയിലിൽ കടുത്ത പീഡനങ്ങൾക്കും വിധേയനായിരുന്നു. ജയിൽവാസവും പൊലീസ് മർദനവും പതിവായതോടെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കാലയളവിൽ കായംകുളത്തെ ലോഡ്ജ്മുറിയിലായിരുന്നു താമസം. സ്വാതന്ത്ര്യസമരത്തെ എതിർത്തവർ നേതാക്കളായപ്പോൾ കോൺഗ്രസിനോട് വിടപറഞ്ഞ് കമ്യൂണിസ്റ്റായി. പി. കേശവദേവിനോടുള്ള അടുപ്പമാണ് കമ്മ്യുണിസ്റ്റുകാരനാക്കിയത്.
1949 ൽ കായംകുളത്ത് രൂപംകൊണ്ട ആദ്യപാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു. നിരോധന കാലത്ത് പാർട്ടി നേതാക്കൾക്ക് ഒളിത്താവളം ഒരുക്കുന്നതിന് മുന്നിൽ നിന്നു. പുതുപ്പള്ളി രാഘവൻ, തോപ്പിൽഭാസി, ശങ്കരനാരായണൻ തമ്പി, കാമ്പിശ്ശേരി കരുണാകരൻ, കേശവൻ പോറ്റി എന്നിവരായിരുന്നു സഹപ്രവർത്തകർ. ബേക്കറിന്റെ സമരങ്ങളിലെ സാന്നിധ്യം സംബന്ധിച്ച് പുതുപ്പള്ളി രാഘവന്റെ വിപ്ലവസ്മരണകളിലും തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമകളിലും പരാമർശിക്കുന്നുണ്ട്. പത്ത് വർഷത്തോളം കായംകുളം മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ചേരാവള്ളിയിലെ ‘സൗഹൃദ’ത്തിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.