കായംകുളം: തൂണുകളിലെ ഉയരപ്പാത ആവശ്യത്തിനായി സമരം ശക്തി പ്രാപിക്കുന്നതിനിടെ നിർമാണം നടത്താനുള്ള നീക്കം സമരക്കാർ തടഞ്ഞു. കെ.എസ്.ആർ.ടി.സി ഭാഗത്തെ പാത നിർമാണമാണ് തടഞ്ഞത്. യന്ത്ര സാമഗ്രികളുമായി എത്തിയവർ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി. നഗരത്തെ രണ്ടായി വിഭജിക്കുന്ന രീതിയിലുള്ള ദേശീയ പാത നിർമാണം ഒഴിവാക്കി തൂണുകൾ സ്ഥാപിച്ച് ഉയരപ്പാത നിർമിക്കണമെന്നാണ് ആവശ്യം. സമര പരിപാടികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി സമര സമിതി ചൊവ്വാഴ്ച സർവകക്ഷി നേതൃയോഗം ചേരും. ഇതിൽ പുതിയ സമര മാർഗങ്ങളും ചർച്ചയാകും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന മനുഷ്യമതിൽ പ്രവർത്തനങ്ങൾക്കും യോഗത്തിൽ രൂപം നൽകും.
വൈകിട്ട് 4.30ന് ടി.എ. കൺവെൻഷൻ സെന്ററിലാണ് യോഗം. കെ.സി. വേണുഗോപാൽ എം.പി യുടെ ഇടപെടലിനെ തുടർന്ന്, പഠന സംഘത്തെ നിയോഗിച്ച കേന്ദ്ര മന്ത്രിയുടെ തീരുമാനം പോലും ദേശീയപാത അതോറിറ്റിയും കരാറുകാരും വെല്ലുവിളിക്കുകയാണെന്ന് സമര സമിതി കുറ്റപ്പെടുത്തി. നിർമാണ പ്രവൃത്തിയുടെ ശതമാനം വർധിപ്പിക്കുന്നതിലൂടെ രൂപരേഖയിൽ മാറ്റം വരുത്തുന്നത് തടയാനുള്ള ശ്രമമാണ് കരാറുകാർ നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു. ഉയരപ്പാതക്കായി ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഇതിലൊക്കെ തീരുമാനങ്ങൾ വരുന്നതിന് മുമ്പ് ധൃതി പിടിച്ചുള്ള നിർമാണ പ്രവർത്തികൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് സമര സമിതി പറയുന്നത്.
അതേസമയം, ഉയരപ്പാത പദ്ധതി അട്ടിമറിക്കുന്നതിന് പിന്നിൽ ബാഹ്യ ഇടപെടൽ നടക്കുന്നതായ സംശയവും ഉയരുകയാണ്. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ എം.പിയും സംശയം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ മന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നായിരുന്നു എം.പിയുടെ കുറ്റപ്പെടുത്തൽ. സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദേശം ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല. ഇതിനായി സ്ഥലം സന്ദർശിക്കാൻ പോലും തയാറാകാത്തതിൽ ദുരൂഹതയുണ്ട്.
കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല സമീപനമാണുണ്ടായത്. ഉദ്യോഗസ്ഥർ മർക്കടമുഷ്ടി കാണിക്കുകയാണ്. ഉയരപ്പാത ആവശ്യത്തിൽ വീണ്ടും മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. കൂടാതെ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും കെ.സി പറഞ്ഞു. നഗരത്തെ കോട്ട കെട്ടി വേർതിരിക്കുന്ന തരത്തിലെ നിലവിലെ നിർമാണ രൂപകൽപനക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഷഹീദാർ മസ്ജിദ് മുതൽ ചിറക്കടവം വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്നാണ് ആവശ്യം.
സമിതി ചെയർമാൻ അബ്ദുI ഹമീദ് ആയിരത്ത്, നഗരസഭ കൗൺസിലർ കെ. പുഷ്പദാസ്, ബി.ജെ.പി നേതാക്കളായ പാലമുറ്റത്ത് വിജയകുമാർ, കൃഷ്ണകുമാർ രാംദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, ഹരിഹരൻ, അജീർ യൂനസ്, സജീർ കുന്നുകണ്ടം, സിയാദ് മണ്ണാമുറി, അനസ് ഇല്ലിക്കുളം, നാസർ പടനിലത്ത്, സത്താർ, സലീം, എ.എ. നിഹാസ്, ഹരികുമാർ അടുക്കാട്ട്, സലാം, ഷാജി കായൽവാരത്ത്, ബഷീർ, സലാഹുദ്ദീൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.