കായംകുളം: ലോക്സഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് ഉയരപ്പാത പ്രധാന ചർച്ചയാകുമെന്നായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തോടുള്ള അനുകൂല പ്രതികരണം പ്രതീക്ഷക്ക് വകനൽകുന്നതാണ്. എന്നാൽ, അശാസ്ത്രീയ വികസനത്തിനെതിരെ ഇടത് ജനപ്രതിനിധികൾ ഗൗരവമുള്ള സമീപനം സ്വീകരിച്ചില്ലെന്ന ആക്ഷേപത്തെ മറികടക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന ചർച്ച മറുപക്ഷവും ഉയർത്തുന്നു. തുടക്കത്തിൽ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സി.പി.എം കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ആവശ്യം നേടിയെടുക്കാനാകുമായിരുന്നുവെന്ന ചർച്ചയും ഉയരുന്നുണ്ട്.
സമരത്തിന്റെ രണ്ടാംഘട്ടത്തിലാണ് പിൻമാറുന്ന സമീപനം സി.പി.എമ്മിൽനിന്നുണ്ടാകുന്നത്. എന്നാൽ, ഏറെക്കാലമായി ഇടത് അനുകൂലമായി നിലകൊള്ളുന്ന മണ്ഡലത്തിലെ ജനകീയ വിഷയത്തിൽ പുറന്തിരിഞ്ഞ് നിൽക്കുന്നത് ഗുണകരമാകില്ലെന്ന ചർച്ചക്കാണ് ഇത് വഴിതെളിച്ചത്. നവകേരള സദസ്സുമായി കായംകുളത്ത് എത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പൗരപ്രമുഖർ വിഷയം ഉയർത്തിക്കാട്ടിയതും സി.പി.എമ്മിൽ ചർച്ചക്ക് കാരണമായി. ഇതോടെ നിലപാടിൽ വ്യക്തത വരുത്തി ആവശ്യത്തെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കുകയായിരുന്നു. സർവകക്ഷി യോഗത്തിൽ ഉയരപ്പാതക്കായി വാദം ഉയർത്തിയാണ് നിലപാട് വ്യക്തമാക്കുന്നത്. ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ പ്രാദേശിക സാധ്യത പരിഗണിച്ച് ഉയരപ്പാതകൾ അനുവദിച്ചപ്പോൾ കായംകുളത്തെ മാത്രം അവഗണിച്ചതും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയിൽനിന്നുള്ള അനുകൂല പ്രതികരണം പ്രതീക്ഷ നൽകുന്നത്.
വീണ്ടും മത്സരിക്കുന്ന എ.എം. ആരിഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടത് കൃത്യമായ രാഷ്ട്രീയ നീക്കം കൂടിയാണെന്നും വിലയിരുത്തുന്നു. ഉയരപ്പാതക്കായി യഥാസമയം ഉപരിതല ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും അതോറിറ്റിയുടെ റീജനൽ ഓഫിസിൽനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് ആരിഫ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി സജി ചെറിയാന്റെ സാനിധ്യത്തിലാണ് നിവേദക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. യു. പ്രതിഭ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജാൻ, സി.പി.ഐ നേതാവും ദേവസ്വം ബോർഡ് മെംബറുമായ അഡ്വ. എ. അജികുമാർ, സമര സമിതി ചെയർമാൻ ആയിരത്ത് അബ്ദുൽ ഹമീദ്, ഭാരവാഹി ചന്ദ്രമോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.