കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിലെ സ്വർണ പണയ തട്ടിപ്പ്; സി.പി.എമ്മിൽ കൂട്ടരാജി

കായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് വിഷയത്തിൽ ജീവനക്കാർക്ക് എതിരെയുള്ള നടപടി പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാക്കുന്നു. ഏരിയ സെന്‍റർ അംഗം പ്രസിഡന്‍റായ ബാങ്കിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നൽകിയതോടെ സി.പി.എം പ്രതിരോധത്തിലായി. നേതൃത്വ നടപടികളിൽ പ്രതിഷേധിച്ച് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാർട്ടി മെമ്പർമാരുമാണ് രാജി നൽകിയിരിക്കുന്നത്. ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വർണ പണയ തട്ടിപ്പ് കേസിൽ ജീവനക്കാരെ ബലിയാടാക്കി നേതാക്കൾ രക്ഷപ്പെടുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം.

ബാങ്ക് ചീഫ് അകൗണ്ടന്‍റ് ഉല്ലാസ് ഭാനു, അകൗണ്ടന്‍റുമാരായ അമ്പിളി, റേച്ചൽ പോൾ, സീനിയർ ക്ലാർക്കുമാരായ എൻ.എസ്. ജയലക്ഷ്മി, കെ. രാഹുൽ എന്നിവരെയാണ് അഭിഭാഷക കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. ഇതിൽ ജയലക്ഷ്മി പുതിയവിള ലോക്കൽ കമ്മിറ്റി അംഗമാണ്. ഇവരെ കൂടാതെ ആർ. വിജയകുമാർ, സുരേന്ദ്ര ബാബു, സലിംലാൽ, ബാബു എന്നിവരാണ് ലോക്കൽ കമ്മിറ്റിയിൽ നിന്നും രാജി നൽകിയത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വേലഞ്ചിറ വടക്ക് ബ്രാഞ്ച് സെക്രട്ടറി ബാബു കുട്ടൻ, ഇടച്ചന്ത സെക്രട്ടറി ദിമിത്രോവ് എന്നിവരും നിരവധി പാർട്ടി അംഗങ്ങളും രാജി നൽകിയതായി അറിയുന്നു.

ഭരണ സമിതിയുടെ വീഴ്ച ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടും വിഷയം ജീവനക്കാരുടെ തലയിൽ ചാർത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് രാജിവെച്ചവർ പറയുന്നത്. പാർട്ടിക്കുള്ളിൽ ഏറെനാളായി നിലനിൽക്കുന്ന വിഭാഗീയതയും വിഷയത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ജീവനക്കാർക്കെതിരെ സംഘം പ്രസിഡന്‍റ് സ്വീകരിച്ച അച്ചടക്ക നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് അഭിഭാഷക കമീഷനെ നിയോഗിച്ച് പുതിയ നീക്കം നടത്തിയത്.സി.പി.എം ഏരിയ സെന്‍റർ അംഗം കൂടിയായ അഡ്വ. സുനിൽകുമാറാണ് ബാങ്കിന്‍റെ പ്രസിഡന്‍റ്. 2016-18 വർഷം പണയത്തിലിരുന്ന സ്വർണ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റഴിച്ചത് ബാങ്കിന് ഭീമമായ നഷ്ടത്തിന് കാരണമായിരുന്നു. 250-ലധികം പണയ ഉരുപ്പടികൾ മറിച്ചുവിറ്റതിന് പിന്നിൽ വൻ അഴിമതി നടന്നതായ ചർച്ച സജീവമായിരുന്നു. പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ വിൽക്കുമ്പോൾ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയിൽ ചേർത്തിട്ടുളളത്. ഭരണസമിയുടെ അറിവോടെയായിരുന്നു തിരിമറി നടന്നത്. മുൻ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതി ഓഡിറ്റിലൂടെ കണ്ടെത്തിയതോടെ നേതാക്കൾ വെട്ടിലായി.

നഷ്ടം മുൻ സെക്രട്ടറിയും ഭരണസമിതിയും വഹിക്കണമെന്നായിരുന്നു ഓഡിറ്റ് നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാർ വഹിക്കണമെന്നായിരുന്നു പാർട്ടി ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം. എന്നാൽ നേതാക്കൾ നടത്തിയ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള ഒരുവിഭാഗം ജീവനക്കാർ സ്വീകരിച്ചത്. ഇതുമായി ബന്ധമില്ലാത്ത ജീവനക്കാരെ വരെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ചേരിതിരിവ് രൂക്ഷമാക്കാൻ കാരണമാക്കി.

സംഭവം വിവാദമായപ്പോൾ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഒമ്പത് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തലയൂരാൻ ശ്രമിച്ച പ്രസിഡന്‍റിന്‍റെ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടതോടെ വാശി വർധിച്ചു. ഇതോടെയാണ് അഡ്വ. കെ. അനിലിനെ കമ്മീഷനായി നിയോഗിച്ച് റിപ്പോർട്ട് വാങ്ങി നടപടിയിലേക്ക് കടന്നത്. മൂന്ന് ജീവനക്കാർ പണം തിരികെയടച്ച് ജോലിയിൽ കയറിയിരുന്നു. സെക്രട്ടറി വിരമിച്ചു. ബാക്കിയുള്ളവർക്ക് എതിരെയാണ് നടപടിയുണ്ടായത്. ഇതിനിടെ വിഷയം തങ്ങളുമായി ചർച്ച ചെയ്തില്ലന്നാണ് ലോക്കൽ കമ്മിറ്റി നേതാക്കളുടെ ആക്ഷേപം. കൂടാതെ വിഷയം പഠിക്കാൻ നിയോഗിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ. മഹേന്ദ്രൻ, അഡ്വ. കെ.എച്ച്. ബാബുജാൻ എന്നിവരുടെ കമീഷൻ റിപ്പോർട്ട് വരുന്നതിന് മുമ്പുള്ള നടപടിയും ചർച്ചക്ക് കാരണമാകുകയാണ്. എന്നാൽ നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഭരണ സമിതിയുടെ വാദം. 

Tags:    
News Summary - Gold Pawn Fraud in Kandallur Service Cooperative Bank; Mass resignation in C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.