കായംകുളം: നൂറ്റാണ്ടിന്റെ പാരമ്പര്യവും പേറി കായലോരത്തെ മനോഹരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന നഗരസഭ ഗ്രന്ഥാലയം തിരക്കേറിയ മാർക്കറ്റിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിലേക്ക്. നഗരത്തിന്റെ പദ്ധതി ആസൂത്രണത്തിനായി സമർപ്പിച്ച കരടിലാണ് ‘തലതിരിഞ്ഞ വികസന’ നിർദേശങ്ങളുമായി അധികൃതർ രംഗത്ത് ഇറങ്ങിയത്. അമൂല്യമായ ഗ്രന്ഥശേഖരങ്ങളുള്ള ലൈബ്രറി ഹാജി ഹസന് യാക്കൂബ് സേട്ടിന്റെ നാമഥേയത്തിലാണ് ടൗൺഹാളിനോട് ചേർന്ന് പ്രവർത്തിക്കുന്നത്.
വിശാലമായ ലൈബ്രറി ഹാളില്‍ അമ്പതോളം അലമാരകളിലായി അരലക്ഷത്തിന് മുകളില്‍ പുസ്തക ശേഖരമുണ്ട്. ഇതില്‍ ആയിരത്തിലധികം റഫറന്‍സ് ഗ്രന്ഥങ്ങളാണ്. വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് വായിക്കാനും പഠനത്തിനുമുള്ള സൗകര്യവുമുണ്ട്.
വ്യാപാര പ്രമുഖനായിരുന്ന ഹാജി ഹസൻ യാക്കൂബ് സേട്ട് നഗരസഭ ചെയർമാനായിരിക്കെയാണ് ഗ്രന്ഥശാലക്കായി സ്ഥലം വിട്ടുനൽകുന്നത്. നഗരത്തിന്റെ സാംസ്കാരിക വികാസമായിരുന്നു ലക്ഷ്യം. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗ്രന്ഥശാലയുടെ ഏക ആജീവനാന്ത അംഗമായും അദ്ദേഹം മാറി.
തിരക്കേറിയ മാർക്കറ്റിലേക്ക് ഗ്രന്ഥശാല മാറ്റുന്നത് സ്വസ്ഥമായ പ്രവർത്തനത്തിന് തിരിച്ചടിയാകുമെന്ന് സാംസ്കാരിക പ്രവർത്തകർ ചൂണ്ടികാട്ടുന്നു. ജനബാഹുല്യവും വാഹന തിരക്കുകളും കച്ചവടാവശിഷ്ടങ്ങളുടെ ദുർഗന്ധവും നിറഞ്ഞ സ്ഥലത്തെ ഗ്രന്ഥശാല പ്രവർത്തനം ദുഷ്കരമാകും. ഇത് ലൈബ്രറിയോടുള്ള താൽപര്യം കുറയാൻ കാരണമാകുമെന്നും പറയുന്നു.
ലൈബ്രറി സദ്യാലയമായി മാറ്റുന്നതിന് പിന്നിൽ നിഗൂഢ താൽപര്യങ്ങളുണ്ടെന്ന ചർച്ചയും സജീവമാണ്. ഇതോടൊപ്പം നഗരസഭ ഷോപ്പിങ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐയും മാർക്കറ്റിലേക്ക് മാറ്റാൻ നിർദേശമുണ്ട്. ഐ.ടി.ഐക്കായി സ്ഥലം ഏറ്റെടുക്കുന്നത് പൂർണമായി അട്ടിമറിക്കാനാണ് പുതിയ നീക്കം. ഐ.ടി.ഐക്കായി നിർദേശിച്ച സ്ഥലം റിയൽ എസ്റ്റേറ്റ് ലോബിക്ക് വിട്ടുനൽകുന്നതിന് ഇത് കൂടുതൽ സൗകര്യം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.