ഹ​സ്ന

യുദ്ധവഴികളിലൂടെ സഞ്ചരിച്ച ഹസ്നയും വീടണഞ്ഞു

കായംകുളം: യുക്രെയ്നിൽ യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾ ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലൂടെ പലായനം ചെയ്ത് ഹസ്ന ലത്തീഫും വീടണഞ്ഞു. ഭയത്തിൽനിന്ന് മോചിതയായ സന്തോഷമാണ് ഈസ്റ്റ് മുക്കവല ചന്ദനവേലിൽ അഡ്വ. അബ്ദുൽ ലത്തീഫിന്‍റെയും ഷീജയുടെയും മകൾ ഹസ്ന പങ്കുവെക്കുന്നത്.

ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥിയായ ഹസ്ന കഴിഞ്ഞ ഡിസംബറിലാണ് കോളജിൽ എത്തിയത്. അപരിചിതത്വത്തിന്റെ ഭയം വിട്ടുമാറുംമുമ്പാണ് യുദ്ധത്തിന്‍റെ കരിനിഴൽ വീഴുന്നത്. കേട്ടുപോലും പരിചയമില്ലാത്ത ബങ്കറിലേക്ക് മാറ്റിയതോടെ ഭീതി ഇരട്ടിച്ചു. സീനിയർ വിദ്യാർഥികളുടെ പിന്തുണയിലാണ് ഒരുവിധം പിടിച്ചുനിന്നത്. കഴിഞ്ഞ 24 മുതൽ മാർച്ച് രണ്ട് വരെ ബങ്കറിൽ തന്നെയായിരുന്നു. ഷെല്ലുകൾ വീഴുന്ന ശബ്ദം ഞെട്ടലോടെയാണ് ശ്രവിച്ചിരുന്നത്. താമസിച്ചിരുന്ന കെട്ടിടങ്ങളിൽ തട്ടിയുള്ള പ്രകമ്പനം അസാധാരണമായ അനുഭവമായിരുന്നു.

ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവത്തിന് മുന്നിൽ ആകെ തകർന്നു. രണ്ടും കൽപ്പിച്ചാണ് തീവണ്ടി മാർഗം ലിവീവിന് രക്ഷപ്പെട്ടത്. സൂചി കുത്താൻ പോലും ഇടമില്ലാത്തവണ്ണം തിരക്ക് നിറഞ്ഞ തീവണ്ടിയിൽ 30 മണിക്കൂറോളമാണ് നിന്ന് യാത്ര ചെയ്തത്. ലാപ്ടോപ്പും പാസ്പോർട്ടും ഒഴികെയുള്ളതെല്ലാം ഹോസ്റ്റൽ മുറിയിൽ അവശേഷിപ്പിച്ചിട്ടാണ് ഇറങ്ങിയത്. ഹോസ്റ്റൽ കെട്ടിടം അവിടെയുണ്ടാകുമോയെന്നതിൽ ഉറപ്പില്ല. വീട്ടിൽ തിരികെയെത്താൻ കഴിഞ്ഞതിൽ ദൈവത്തോട് അകമഴിഞ്ഞ നന്ദിയാണ് ഹസ്ന പ്രകടിപ്പിക്കുന്നത്.

Tags:    
News Summary - hasna reached home safe from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.