കായംകുളം: ചികിത്സക്ക് എത്തിയ ബാലന്റെ ദേഹത്ത് സൂചി കയറിയതിന് പിന്നാലെ രോഗിയെ തടഞ്ഞുവെച്ച് ഛർദിൽ കോരിച്ച സംഭവം പുറത്തുവന്നതോടെ ഗവ. ആശുപത്രിയിൽ വീണ്ടും വിവാദം കത്തുന്നു. മൂത്രശങ്ക കലശലായ അത്യാസന്ന നിലയിലായിരുന്ന രോഗിയാണ് ഗവ. ആശുപത്രിയിൽ മനുഷ്യത്വവിരുദ്ധ നടപടിക്ക് വിധേയമായത്. കഴിഞ്ഞ ഒന്നിന് നടന്ന സംഭവത്തിൽ പരാതി നൽകിയെങ്കിലും കുറ്റക്കാരിയായ ജീവനക്കാരിയെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയ പുതിയവിള സ്വദേശിനിയായ വയോധികക്കാണ് രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ ദുരനുഭവം നേരിട്ടത്. വനിത വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ ഇവിടെ ശൗചാലയം ഇല്ലാത്തതിനാൽ എതിർവശത്തുള്ള പുരുഷവാർഡിനെയാണ് ആശ്രയിക്കുന്നത്. കടുത്ത മൂത്രശങ്കയെ തുടർന്ന് കൂട്ടിരിപ്പുകാരിയായ മകളുമായി ഇവിടേക്ക് പോകവെയാണ് രക്തത്തിന്റെ അളവ് ക്രമതീതമായി താഴ്ന്ന നിലയിലുള്ള ഇവർ ഛർദ്ദിക്കുന്നത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരി ഇവരെ ശുചിമുറിയിലേക്ക് പോകാൻ അനുവദിക്കാതെ ഛർദ്ദിൽ കോരി മാറ്റാൻ നിർബന്ധിക്കുകയായിരുന്നു.
മകൾ തറ വൃത്തിയാക്കുന്നതിനിടെ സമ്മർദ്ദം താങ്ങാനാവാതെ രോഗിയായ മാതാവ് നിന്ന നിൽപ്പിൽ മൂത്രവും ഒഴിച്ചു. ഇതോടെ പരിഹാസം വർധിച്ചു. നിസ്സഹായായ മകൾക്ക് തറ മുഴുവൻ വൃത്തിയാക്കിയ ശേഷമാണ് മാതാവിനെ കിടക്കയിലേക്ക് മാറ്റാനായത്. കടുത്ത അപമാനം നേരിട്ട ഇവർ അധികൃതർക്ക് പരാതി നൽകിയതോടെ ആരോപണവിധേയായ ജീവനക്കാരി വീണ്ടും കിടക്കയിലെത്തി രോഗിയെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ചൊരിഞ്ഞതായും പരാതിയുണ്ട്. രണ്ട് ദിവസത്തേക്ക് മാറ്റി നിർത്തിയ ശേഷം രാഷ്ട്രീയ സമ്മർദ്ദത്താൽ തിരികെ ജോലിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ജീവനക്കാർ കുറവായതിനാലാണ് തിരികെ എടുത്തതെന്നാണ് അധികൃതർ നൽകിയ മറുപടി. രണ്ടാഴ്ച മുമ്പ് ചികിത്സക്ക് എത്തിയ ഏഴ് വയസുകാരന്റെ ദേഹത്ത് സൂചി തറച്ച സംഭവത്തിലും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരിൽ നിന്നുണ്ടായത്. ഈസംഭവത്തിലും അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.