കായംകുളം: എരുവ പടിഞ്ഞാറ് ഭാഗത്ത് ലഹരിമാഫിയ ബന്ധമുള്ള ക്വട്ടേഷൻ ഗുണ്ട സംഘങ്ങൾ രണ്ട് വീടിനുനേരെ ആക്രമണം നടത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതി അടക്കമുള്ളവരെ പിടികൂടാനായില്ല. ലഹരികടത്ത് കേസിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ച പത്തിയൂർ സ്വദേശി മനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാണ്. സംഭവത്തിൽ മൂന്ന് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. എരുവ പടിഞ്ഞാറ് കാട്ടിശ്ശേരിൽ ഇബ്രാഹിം കുട്ടി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യൂനിയൻ ശാഖ സെക്രട്ടറിയുമായ എരുവ പടിഞ്ഞാറ് കൊച്ചയ്യത്ത് ശിവകുമാർ എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
രണ്ടു വീട്ടിലെയും കാറുകളും ബൈക്കും ഗൃഹോപകരണങ്ങളും സംഘം അടിച്ചുതകർത്തിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ ബന്ധുക്കളായ ഹുസൈൻ, സഫീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. നഗരത്തിൽ പിടിമുറുക്കിയിട്ടുള്ള മീറ്റർ പലിശ സംഘങ്ങളുമായി ബന്ധമുള്ളവരാണ് ആക്രമണകാരികളെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ച സംഭവത്തോടെ നഗരത്തിൽ പിടി നഷ്ടമായ മാഫിയ ഗ്യാങ്ങുകൾ സ്റ്റേഷൻ അതിർത്തികളിലേക്ക് ഉൾവലിയുകയായിരുന്നു.
എരുവയിലുള്ള സംഘമാണ് ഇടുക്കിയിൽ വെച്ച് കേസിന്റെ ഭാഗമായി പിന്തുടർന്ന പൊലീസിനെ ആക്രമിച്ചത്. ഇതേ തുടർന്ന് ഇവരെ പിന്തുണക്കുന്നവർക്കെതിരെ നടപടി കർശനമാക്കിയിരുന്നു. ഇതോടെ പിടിച്ചുനിൽക്കാൻ കഴിയാതായ സംഘങ്ങൾ കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലേക്ക് ഉൾവലിഞ്ഞതായാണ് പറയുന്നത്. ഈ സംഘങ്ങളുടെ പിൻബലം ആക്രമണത്തിന് പിന്നിലുണ്ടെന്നും പറയുന്നു. എരുവ പടിഞ്ഞാറ് ഭാഗത്ത് ക്വട്ടേഷൻ-ലഹരി സംഘങ്ങൾ തമ്പടിക്കുന്നതായ മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നേരത്തേ നൽകിയിരുന്നു.
ഇത് ഗൗരവത്തിൽ എടുക്കാതിരുന്നതാണ് സംഘം നാട്ടിൽ വിലസാൻ കാരണമായതത്രെ. അതേസമയം, മനീഷ് അടക്കമുള്ളവരെ കണ്ടെത്താൻ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് നടപടികൾ നീക്കുന്നത്. എന്നാൽ, പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. ഡൽഹി, ബംഗളൂരു, മുംബൈ ലഹരി മാർക്കറ്റുകളുമായി ബന്ധമുള്ളവരെ കണ്ടെത്തുകയെന്നത് പ്രയാസകരമായ ദൗത്യമാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.