കായംകുളം: താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ ശുചിമുറി അടഞ്ഞിട്ട് മാസങ്ങളായിട്ടും തുറക്കാൻ നടപടി ഇല്ലാത്തത് രോഗികളെ വലക്കുന്നു. സ്ത്രീകൾക്ക് പ്രാഥമിക കൃത്യ നിർവഹണത്തിന് പുരുഷ വാർഡാണ് ആശ്രയം. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ശുചിമുറി സൗകര്യം ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരു പോലെ വലക്കുകയാണ്. രോഗികൾക്ക് ആനുപാതികമായി ശുചിമുറികൾ ഇല്ലാത്തത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഗുരുതരമാണ്. രാത്രികാലങ്ങളിൽ ശുചിമുറിയിൽ പോകാൻ കിടപ്പ് രോഗികൾ കടുത്ത പ്രയാസമാണ് നേരിടുന്നത്.
ഗുരുതര രോഗ ബാധിതരായവരാണ് ഏറെ വലയുന്നത്. നഗരസഭ ലക്ഷങ്ങൾ മുടക്കി നവീകരിച്ച ശുചിമുറി ബ്ലോക്കാണ് അശാസ്ത്രീയ നിർമാണം കാരണം അടഞ്ഞ് കിടക്കുന്നത്. വിസർജ്യം അടിഞ്ഞ് കൂടി ഒഴുക്ക് തടസ്സപ്പെട്ടതാണ് അടച്ചിടാൻ കാരണമായത്. ഇത് കവിഞ്ഞൊഴുകുന്നത് കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഗുരുതരമാണ്. നേരത്തെ റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന ഭാഗത്തേക്ക് വീഴുന്നതായി പറയുന്നു. പൈപ്പിൽ നിന്ന് പൊട്ടിയൊലിക്കുന്നവ ആളുകളുടെ ദേഹത്തേക്ക് തെറിക്കുന്നതായ പരാതിയും ഉയരുന്നു. വിഷയം ശരിയായി പഠിച്ച് പരിഹാരം കാണുന്നതിൽ വീഴ്ച സംഭവിച്ചതാണ് ശുചിമുറികൾ അടച്ചിടാൻ കാരണം.
നഗരസഭയുടെയും മാനേജ്മെൻ്റ് കമ്മിറ്റിയുടെയും ഫണ്ടിൽ നിന്ന് നല്ലൊരു തുക ഇതിനായി ചെലവഴിച്ചെങ്കിലും പരിഹാരം കാണുന്നതിൽ പരാജയപ്പെടുകയായിരുന്നു.
വിഷയത്തിൽ നഗരസഭയുടെ അനാസ്ഥയും കാരണമാണ്. അധികാര തർക്കങ്ങളും പരിഹാരത്തിന് തടസ്സമാകുന്നു. സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു ആവശ്യപ്പെട്ടു. അവഗണന തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.