കായംകുളം: കാർട്ടൂണിസ്റ്റ് യേശുദാസെൻറ വിയോഗത്തിൽ ഭരണിക്കാവും സങ്കടത്തിൽ. എൻജിനീയറാകാൻ മോഹിച്ച് കാർട്ടൂണിസ്റ്റായി മാറിയ 'ദാസൻ' എന്നും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. നാടിെൻറ കലാ-സാംസ്കാരിക പാരമ്പര്യമാണ് യേശുദാസനിലെ കാർട്ടൂണിസ്റ്റിനെ വളർത്തിയത്. ഒാണാട്ടുകര സ്വദേശിയായ ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിനൊപ്പം പ്രവർത്തിച്ച യേശുദാസൻ ഭരണിക്കാവിലാണ് ജനിച്ചുവളർന്നത്. ഭരണിക്കാവ് വടക്ക് കുന്നേൽ ചക്കാലേത്ത് വീട്ടിൽ പരേതരായ ജോൺ മത്തായിയുടെയും മറിയാമ്മയുടെയും മകന് വരകളോടായിരുന്നു എന്നും ആഭിമുഖ്യം.
കറ്റാനം, മാവേലിക്കര എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്നാണ് ബിരുദം നേടിയത്. ഇക്കാലയളവിൽ ഭരണിക്കാവിലെ സാംസ്കാരിക സൗഹൃദ കൂട്ടങ്ങളിൽ സജീവമായിരുന്നു. കോട്ടയത്തുനിന്നും ഇറങ്ങിയിരുന്ന അശോക മാസികയിൽ 1955ൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചതോടെയാണ് തെൻറ വഴി ഇതാണെന്ന് തീരുമാനിക്കുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഡള്ളസ് ആറ്റംബോംബുമായി നൃത്തം വെക്കുന്നതായിരുന്നു കാർട്ടൂണിെൻറ ഇതിവൃത്തം. പിന്നീട് ജനയുഗത്തിൽ കാർട്ടൂണിസ്റ്റായി. ഇതിലെ 'കിട്ടുമ്മാവൻ' ഏറെ ശ്രദ്ധനേടി. 1963ൽ ഡൽഹിയിൽ ശേങ്കഴ്സ് വീക്കിലിയിൽ ചേർന്നു. അക്കാലത്ത് സണ്ണി എന്ന പേരിലായിരുന്നു വരച്ചിരുന്നത്. ഇവിടെനിന്ന് മടങ്ങിയെത്തിയശേഷം കറ്റാനം കേന്ദ്രീകരിച്ച് 'അസാധു, ടിക് ടിക് ടക് ടക്' തുടങ്ങിയ ഹാസ്യ മാസികകൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. കറ്റാനം ജങ്ഷനിലെ പള്ളിവക കെട്ടിട ഒന്നാംനിലയിൽ 'അസാധു' എന്ന് നീലയും വെള്ളയും നിറത്തിലെഴുതിയിരുന്ന വലിയ ബോർഡ് പഴമക്കാരുടെ സ്മരണയിൽ ഇന്നുമുണ്ട്.
1985ൽ മനോരമയുടെ ഭാഗമായതോടെയാണ് നാടുമായുള്ള ബന്ധം കുറയുന്നത്. പിന്നീട് എറണാകുളത്ത് സ്ഥിരതാമസമാക്കി. എങ്കിലും നാട്ടിലെ ബന്ധുവീടുകളിലെ വിശേഷങ്ങളിെലല്ലാം പങ്കുകൊള്ളാറുണ്ട്. ഒരുവർഷം മുമ്പാണ് അവസാനമായി എത്തിയതെന്ന് സഹോദരൻ പരേതനായ ഫിലിപ്പിെൻറ ഭാര്യ ഏലിയാമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.