കായംകുളം: വിവരാവകാശ കമീഷണർ നടത്തിയ തെളിവെടുപ്പിൽനിന്ന് വിട്ടുനിന്ന മാവേലിക്കര പൊലീസ് എസ്.എച്ച്.ഒ അടക്കമുള്ളവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും.
ആലപ്പുഴ കെ.എസ്.എഫ്.ഇ ഓഫിസർ, സംസ്ഥാന റേഷനിങ് കൺട്രോളർ, അരൂർ പഞ്ചായത്ത് അസി. എൻജിനീയർ എന്നിവരെ സമൻസയച്ച് രേഖകളും സ്റ്റാറ്റസ് റിപ്പോർട്ടുമായി നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് വരുത്തുമെന്ന് കമീഷണർ എ.എ. ഹക്കീം അറിയിച്ചു.
കായംകുളം നഗരസഭ കൗൺസിൽ ഹാളിൽ വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ രണ്ടാം അപ്പീൽ പരാതികളിലാണ് തെളിവെടുപ്പ് നടന്നത്. ഇതിൽ വിവരം തെറ്റായി നൽകിയതായി കണ്ടെത്തിയ നാല് ഓഫിസർമാർക്ക് ഷോക്കോസ് നോട്ടീസ് നൽകും. നാല് പരാതികളിൽ വിവരം തൽക്ഷണം ലഭ്യമാക്കി.
പരിഗണിച്ച 29 ഫയലുകളിൽ 25 എണ്ണവും തീർപ്പാക്കി. അപേക്ഷകരെ ചുറ്റിക്കുന്ന മറുപടി നൽകിയവരും തുക എത്രയെന്ന് പറയാതെ അടക്കാൻ നിർദേശം നൽകിയവരുമായ അഞ്ച് ഓഫിസർമാർക്കെതിരെ ശിക്ഷ നടപടിയെടുക്കും. കൃഷ്ണപുരത്തെ എയ്ഡഡ് സ്കൂളിൽനിന്ന് തെറ്റായ വിവരം നൽകാനുണ്ടായ സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കായംകുളം എ.ഇ.ഒയെ ചുമതലപ്പെടുത്തി.
വിവരാവകാശ അപേക്ഷകൾ നിരന്തരം നൽകി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നവരെ കമീഷൻ നിരിക്ഷിച്ചുവരുകയാണെന്നും ഹക്കീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.