കായംകുളം: തകർന്ന റോഡിലെ ദുരിതയാത്രയുടെ കെടുതി നേരിടുന്നവർ വോട്ട് ബഹിഷ്കരണ ഭീഷണിയുമായി രംഗത്ത്. മൂന്നാംകുറ്റി-കാപ്പിൽ റോഡ് യാത്രയുടെ ദുരിതം പേറുന്നവരാണ് പ്രതിഷേധം ഉയർത്തുന്നത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് രണ്ട് വർഷം മുമ്പാണ് റോഡ് പൊളിച്ചത്.
2.5 കോടി വാട്ടർ അതോറിറ്റി മുൻകൂറായി പൊതുമരാമത്തിന് നൽകിയ ശേഷമായിരുന്നു പൈപ്പുകളിട്ടത്. പദ്ധതി പൂർത്തിയായി റിപ്പോർട്ട് നൽകിയതോടെ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണത്തിന് കരാറും നൽകി. എന്നാൽ, ഇതിന് ശേഷമുള്ള പ്രവൃത്തികൾക്ക് ഒച്ചിഴയുന്ന വേഗം പോലുമുണ്ടായില്ല. ഇളക്കി മറിച്ച റോഡിലൂടെ കാൽനടപോലും പ്രയാസകരമാണ്. പൊടിശല്യം പരിസരവാസികളെയും റോഡരികിലെ കച്ചവടക്കാരെയും സാരമായി ബാധിക്കുന്നു.
കെ.പി റോഡിലേക്ക് എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപാതയുടെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് അധികൃതരിൽനിന്നുണ്ടാകുന്നത്. കരാറുകാരനിൽ സമ്മർദം ചെലുത്തി നിർമാണം വേഗത്തിലാക്കുന്നതിൽ ഉദ്യോഗസ്ഥരും വീഴ്ചവരുത്തുന്നു. ഇതോടെയാണ് കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ജനം തീരുമാനിച്ചത്.
റോഡ് പണി പൂർത്തിയാക്കാതെ കട്ടച്ചിറയിലേക്കും കാപ്പിലേക്കും ആരും വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന ബോർഡ് സ്ഥാപിച്ചാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരിക്കുന്ന്. കട്ടച്ചിറ ആശ്രയയുടെ നേതൃത്വത്തിലാണ് പാറക്കൽ ജങ്ഷനിലടക്കം ബോർഡ് വെച്ചത്. ഇവിടെ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡും സമാന അവസ്ഥയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ ബഹിഷ്കരണ കാമ്പയിനുമായി രംഗത്തിറങ്ങുമെന്നാണ് ഭാരവാഹികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.