കായംകുളം: സി.പി.എമ്മിന്റെ പൂർണ നിയന്ത്രണത്തിലുള്ള വേലൻചിറയിൽ പ്രവർത്തിക്കുന്ന കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേട് പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. നൂറുകോടിക്ക് മുകളിൽ ആസ്തിയുള്ള സൂപ്പർഗ്രേഡ് സംഘത്തിൽ സ്വർണപ്പണയ ഉരുപ്പടികൾ വിറ്റഴിച്ചതിലൂടെ നടന്ന തട്ടിപ്പാണ് ചർച്ചയാകുന്നത്.
സി.പി.എം ഏരിയ സെന്റർ അംഗമായ അഡ്വ. വി.എസ്. സുനിൽകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് ബാങ്കിനെ നയിക്കുന്നത്. 2016ലാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്. അക്കൊല്ലം തന്നെയാണ് അരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുന്ന ക്രമക്കേട് അരങ്ങേറുന്നത്. 2021 നവംബറിൽ തുടങ്ങിയ അന്വേഷണം ക്രമക്കേടുകളുടെ വ്യാപ്തികാരണം കാലാവധിക്കുള്ളിൽ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ റിപ്പോർട്ടിന്റെ ആമുഖത്തിൽതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
2013-14-15 വർഷത്തെ കാലാവധി കഴിഞ്ഞ സ്വർണപ്പണയ ഉരുപ്പടികൾ ലേലത്തിൽ വിറ്റതിലാണ് അഴിമതി കണ്ടെത്തിയത്. നിയമവിരുദ്ധമായി പലിശ പൂർണമായി ഈടാക്കാതെയും പിഴപ്പലിശ പൂർണമായും ഒഴിവാക്കിയും വായ്പ കണക്ക് അവസാനിപ്പിച്ചതിലൂടെ 49,17,729 രൂപയാണ് നഷ്ടം സംഭവിച്ചത്. ഇവയുടെ വായ്പ ബോണ്ടിലെ പലിശ നിരക്കും കമ്പ്യൂട്ടർ ലഡ്ജർ പ്രകാരമുള്ള പലിശ നിരക്കിലും വിത്യാസം കണ്ടെത്തി. 13 ശതമാനം എന്നുള്ളത് 11.5 ശതമാനം പലിശ നിരക്കായി സോഫ്റ്റ്വെയറിൽ തിരുത്തൽ വരുത്തിയാണ് ഭരണസമിതി തട്ടിപ്പിന് വഴിയൊരുക്കിയത്. ഇതിലൂടെ പിഴപ്പലിശ ഒഴിവാക്കുകയായിരുന്നു.
2016-18ൽ 400ഓളം പണയ ഉരുപ്പടികൾ ഇത്തരത്തിൽ വിറ്റഴിച്ചു. ഇടപാടുകൾ അറിയാതെ വ്യാജ ഒപ്പിട്ടായിരുന്നു തട്ടിപ്പെന്നും അന്വേഷണത്തിൽ കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ ഭരണസമിതിയും സെക്രട്ടറിയും ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
സെക്രട്ടറി യോഗിദാസ് സസ്പെൻഷനിലിരുന്നു വിരമിക്കുകയായിരുന്നു. തുടർന്ന് ഇത് ജീവനക്കാരുടെ തലയിൽ ചാർത്തി രക്ഷപ്പെടാനുള്ള നീക്കം സി.പി.എമ്മിനുള്ളിൽ രൂക്ഷമായ പൊട്ടിത്തെറികൾക്കാണ് വഴിതെളിച്ചത്. ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാർ വഹിക്കണമെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, നേതാക്കൾ നടത്തിയ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള ജീവനക്കാർ സ്വീകരിച്ചത്.
ഇതോടെ ഏഴ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടി എന്ന നിലയിൽ ഇത് ഹൈകോടതി റദ്ദാക്കി. ഇതുമായി ബന്ധമില്ലാത്ത ജീവനക്കാർക്കെതിരെ വരെ നടപടി വന്നത് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധങ്ങൾക്കാണ് കാരണമായത്. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നൽകിയതോടെ നിലവിൽ സി.പി.എം കനത്ത പ്രതിരോധത്തിലാണ്. പ്രതിഷേധക്കാരെ തണുപ്പിക്കാനുള്ള അനുനയ നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ജനറൽ ബോഡി യോഗം പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ ബഹിഷ്കരിച്ചതും ചർച്ചയായിരുന്നു.
ബാങ്ക് നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി, പ്ലാസ്റ്റിക് കസേരക്ക് പെയിന്റടി, ഗഹാൻ എഴുത്തുഫീസ്, ബ്രാഞ്ച് നവീകരണം തുടങ്ങിയവയിലും ക്രമക്കേടുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കായംകുളം: സഹകരണ മേഖലയെ തകർക്കാൻ നടക്കുന്ന ആസൂത്രിത നീക്കങ്ങളാണ് കണ്ടല്ലൂർ ബാങ്കിന് എതിരെയും നടക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. വി.എസ്. സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വർണപ്പണയ ഉരുപ്പടികൾ ലേലം ചെയ്തതിൽ ബാങ്കിന് വീഴ്ച വന്നിട്ടില്ല. നിയമപ്രകാരമാണ് പലിശയിൽ ഇളവ് നൽകിയത്. എന്നാൽ, വിഷയത്തിലുള്ള ഓഡിറ്റ് റിപ്പോർട്ട് തികച്ചും ഏകപക്ഷീയമായിരുന്നു. ഓഡിറ്റ് നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഓഡിറ്ററിൽനിന്നുണ്ടായത്.
2016ലെ ഇടപാടുകളെ സംബന്ധിച്ച് യഥാസമയം പരിശോധന നടത്താതെ അഞ്ച് വർഷത്തിന് ശേഷമുള്ള പരിശോധനയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. 2021ലെ ലാഭത്തിൽനിന്നുള്ള 49 ലക്ഷം രൂപ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നഷ്ടത്തിലേക്ക് വകമാറ്റിയത്. ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഭരണസമിതി വീഴ്ച വരുത്തിയിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.