കായംകുളം: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കായംകുളത്തെ ആധുനിക കോടതി കെട്ടിട സമുച്ചയം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിർമിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം 24ന് നടക്കും. 16 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്. 2019 ജൂൺ 15നാണ് നിർമാണത്തിന് തുടക്കമിട്ടത്.
കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളുടെ ഭാഗങ്ങൾ പ്രവർത്തന പരിധിയിലുള്ള മുൻസിഫ് കോടതിയും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മാവേലിക്കര കുടുംബ കോടതിയുടെ ക്യാമ്പ് സിറ്റിങ്ങുമാണ് നിലവിലുള്ളത്. പ്രതിവർഷം 5000ലധികം കേസാണ് ഇവിടെ ഫയൽ ചെയ്യുന്നത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടത്തിൽ പരിമിതികൾക്ക് നടുവിലാണ് കോടതികൾ പ്രവർത്തിച്ചിരുന്നത്.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മജിസ്ട്രേറ്റ് കോടതി ഹാൾ, ബാർ അസോസിയേഷൻ ഹാൾ, അഭിഭാഷക-ക്ലർക്ക് ഹാൾ, കാന്റീൻ എന്നിവ പ്രവർത്തിക്കും. രണ്ടാം നിലയിൽ മുൻസിഫ് കോടതി ഹാൾ, ഓഫിസ് മുറികൾ എന്നിവയാണ് ക്രമീകരിക്കുന്നത്.
പഴയ കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയ മുൻസിഫ് കോടതി 24ന് ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറും. ഇതോടൊപ്പം സബ് കോടതിയും കുടുംബ കോടതിയും ഉൾപ്പെടെ കൂടുതൽ കോടതികൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുകയാണ്.
24ന് രാവിലെ 10.30ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് യു. പ്രതിഭ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിയമ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി. സുധാകരൻ, സെക്രട്ടറി സജീബ് തവക്കൽ, അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ്, അഭിഭാഷകരായ പി.ജെ. അൻസാരി, സുരേഷ് കുമാർ, ബി. ഗീത, സെൽവൻ, ഫർസാന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.