കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ വീണ്ടും ഹരജിയുമായി സമരസമിതി. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിലവിലെ നിർമാണമെന്ന ആക്ഷേപം ഉയർത്തിയാണ് കോടതിയെ സമീപിച്ചത്. ഹരികുമാർ അടുകാട്ട്, മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ അഡ്വ. മുഹമ്മദ്ഷാ മുഖാന്തിരമാണ് ഹരജി നൽകിയത്.
സമാന ആവശ്യവുമായി സമരസമിതി അഡ്വ. സെബാസ്റ്റ്യൻ പോൾ മുഖാന്തിരം നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഉപരിതല ഗതാഗത മന്ത്രാലയം മറുപടിക്ക് അടുത്തമാസം അഞ്ചുവരെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
നഗരത്തെ കോട്ട കെട്ടി വേർതിരിക്കുന്ന തരത്തിലുള്ള നിലവിലുള്ള നിർമാണ രീതിക്ക് എതിരെ പ്രദേശത്ത് സമരം ശക്തമാണ്. തീരദേശ മേഖലയായ ഇവിടെ തൂണുകളിലെ ഉയരപ്പാത എന്നതാണ് ശാസ്ത്രീയ പരിഹാരം. റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിച്ച് സമീപ പ്രദേശങ്ങളിൽ ഉയരപ്പാത നിർമ്മിക്കുമ്പോഴാണ് കായംകുളത്തെ ജനകീയാവശ്യം തിരസ്കരിക്കുന്നത്.
ദേശീയപാത മുറിച്ചുള്ള വാഹന ഗതാഗതത്തെപ്പറ്റി അതോറിറ്റി നടത്തിയ അന്തിമ സാധ്യതാ പഠനത്തിൽ പ്രാഥമികമായി തന്നെ കായംകുളത്ത് തൂണുകളിലെ ഉയരപ്പാത നിർമിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതായ സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടി വികസന ആവശ്യം തള്ളിയത്.
എന്നാൽ ടെണ്ടർ നടപടിക്ക് ശേഷമാണ് ചേപ്പാട്, കരുനാഗപ്പള്ളി, ഹരിപ്പാട് നങ്ങ്യാർകുളങ്ങര, മാധവാ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്. ഇതാണ് പുതിയ ഹരജിയിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ടോൾ പിരിവിലൂടെ നിർമ്മാണച്ചെലവ് ലാഭ സഹിതം തിരിച്ച് പിടിക്കുന്നതിനാൽ സാമ്പത്തിക ബാധ്യത വരില്ലെന്നും പറയുന്നു.
തൊട്ടടുത്ത മണ്ഡലമായ ഹരിപ്പാട് അഞ്ച് കിലോമീറ്ററിൽ നാല് ഉയരപ്പാതകളാണ് സ്ഥാപിക്കുന്നത്. എന്നാൽ കായലോര നഗരവും തീരവാസികൾ ആശ്രയിക്കുന്നതുമായ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന പോലും പരിഗണിക്കാതെയുള്ള വികസനത്തിന് എതിരെ ഉയർന്ന പ്രതിഷേധം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
കനത്ത മഴയിൽ ദേശീയപാതയുടെ ഇരുവശവും വലിയ വെള്ളക്കെട്ടുകളായി മാറുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുകയാണ്. ഈ സാഹചര്യത്തിൽ കൊറ്റുകുളങ്ങര മുതൽ ചിറക്കടവം വരെ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ കോട്ട കെട്ടി തിരിക്കുന്നതോടെ നഗരം പടിഞ്ഞാറും കിഴക്കുമായി വിഭജിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.