കായംകുളം: അപകടം പതിയിരിക്കുന്ന കെട്ടിടത്തിന് താഴെ കാത്തുനിൽക്കുന്ന ആയിരങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ കെ.എസ്.ആർ.ടി.സി. തലക്ക് മുകളിൽ പതിയിരിക്കുന്ന ദുരന്തം സംബന്ധിച്ച് ഒരു ധാരണയുമില്ലാതെയാണ് കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഓരോ യാത്രികനും ബസ് കാത്ത് നിൽക്കുന്നത്.
ഇതിനിടെ കെട്ടിട നവീകരണം അട്ടിമറിക്കുന്നതിന് പിന്നിൽ കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരാണെന്ന് യു.പ്രതിഭ എം.എൽ.എ ആരോപിച്ചു. പണി വൈകിപ്പിക്കുന്നത് കായംകുളത്തുകാരനായ മാനേജിംഗ് ഡയറക്ടറാണെന്നും എം.എൽ.എ പറഞ്ഞു.
കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടും വിഷയത്തിൽ ലാഘവ സമീപമനമാണ് അധികൃതർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പാളി വീണുള്ള അപകടത്തിൽ നിന്നും തിരുവനന്തപുരം സ്വദേശി പരമേശ്വരൻ (76) കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തലയിൽ എട്ട് തുന്നലുകൾ വേണ്ടിവന്നു.
പലരും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിൽ നൂറ് കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ബസ് പാർക്ക് ചെയ്യുന്ന മൂന്ന് വശങ്ങളിലായി നൂറ് കണക്കിന് യാത്രക്കാരും ഏത് സമയവും തിങ്ങി നിൽപ്പുണ്ടാകും. കെട്ടിടം പണിയാൻ കഴിഞ്ഞ ബജറ്റിലാണ് 10 കോടി രൂപ അനുവദിച്ചത്.
ഈ ഫണ്ട് വിനിയോഗിക്കുന്നതിൽ കോർപ്പറേഷൻ മാനേജ്മെന്റ് ഗുരുതര വീഴ്ച വരുത്തുകയാണെന്നാണ് ആക്ഷേപം. ബസുകൾ ഇല്ലാതാക്കിയും സർവീസുകൾ ഒഴിവാക്കിയും ജീവനക്കാരെ പിൻവലിച്ചും നിലവിൽ തന്നെ ഡിപ്പോയുടെ പ്രവർത്തനം ഭാഗികമായി തകർത്ത് കഴിഞ്ഞു. അതോടൊപ്പമാണ് കെട്ടിട വിഷയത്തിൽ കാട്ടുന്ന അലംഭാവം.
2022ൽ അഞ്ച് ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചെങ്കിലും ഇതുപയോഗപ്പെടുത്തുന്നതിലും വീഴ്ച വരുത്തി. ഇപ്പോഴത്തെ 10 കോടി ഉപയോഗിച്ച് കെട്ടിടം നവീകരിക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറാൻ തയാറാകാത്തതാണ് പ്രശ്നം. നിർമാണ നടപടികൾ ആവശ്യപ്പെട്ട് യു. പ്രതിഭ എം.എൽ.എ നിരവധി തവണ കത്ത് അയച്ചിട്ടും കെ.എസ്.ആർ.ടി.സി അവഗണിക്കുകയാണത്രെ.
കെട്ടിടം ഇനിയും അപകടമുണ്ടാക്കിയാൽ അതിന് പൂർണ ഉത്തരവാദിത്തം കോർപ്പറേഷൻ അധികൃതർക്കായിരിക്കുമെന്ന് എം.എൽ.എ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ എത്തുമ്പോൾ പ്രധാന വിഷയമായി കെ.എസ്.ആർ.ടി.സി ഉന്നയിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്.
കായംകുളം: കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് അപകടം പറ്റിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ കെ.എസ്.ആർ.ടി.സി തയാറാകണമെന്ന് യു. പ്രതിഭ എം.എൽ.എ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് അവർക്ക് കത്ത് നൽകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ നടപടിയുണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കായംകുളം: കെ.എസ്.ആർ.ടി.സി സ്റ്റാന്ഡിലെ അപകടത്തിലായ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റി പരിഹാരം കാണണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു. ഡിപ്പോ കെട്ടിടം പൊളിച്ചു നീക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത് പതിവ് സംഭവമായി മാറുകയാണ്. കഴിഞ്ഞ 20 വർഷമായി കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ഡിപ്പോ നവീകരണത്തിനായി ജനപ്രതിനിധികൾ ഒരു രൂപ പോലും സ്വന്തം ഫണ്ടിൽ നിന്നും ചിലവഴിച്ചിട്ടില്ല. കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയുണ്ടാകണമെന്ന് ചെയർമാൻ എ. ഇർഷാദ്, കൺവീനർ എ.എം. കബീർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.