കായംകുളം: തുടർച്ചയായ യു.ഡി.എഫ് ഭരണത്തിന് അറുതിവരുത്തി അധികാരത്തിലേറിയ ഇടതുപക്ഷത്തിന് നഗര വികസനത്തിൽ കാലിടറുന്നു. നഗരസഭ മുതൽ സംസ്ഥാന സർക്കാർ വരെ അനുകൂല ഘടകങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. കെടുകാര്യസ്ഥതയും താൽപര്യങ്ങളുമാണ് വികസനത്തിന് തടസ്സമാകുന്നത്. ഏറ്റവും ഒടുവിൽ അസി. എൻജിനീയറുടെ ഒഴിവ് കാരണം ആറുകോടിയുടെ വാർഷിക പദ്ധതികൾതന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. പ്രതിസന്ധികളെ പ്രായോഗിക പരിഹാരങ്ങളിലൂടെ നേരിടുന്നതിന് പകരം പൊറാട്ടുനാടകങ്ങളിലൂടെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് നഗരസഭയിൽ അരങ്ങേറുന്നത്.
യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിലേക്ക് അധികാരം എത്തിയപ്പോൾ അടിസ്ഥാന വികസനത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിച്ച ജനം നിരാശയിലാണ്. യു.ഡി.എഫ് കാലത്ത് തുടങ്ങിവെച്ച പദ്ധതികൾപോലും പൂർത്തിയാക്കാൻ ഇടതുഭരണത്തിന് കഴിയുന്നില്ല. ഇതിലൂടെ വികസനത്തിന് വകയിരുത്തിയ കോടികളാണ് പാഴാകുന്നത്. കുറെ കോടികൾ ബാങ്കിലും കലക്ടറുടെ ഫണ്ടിലുമായി മരവിച്ചുകിടക്കുന്നു. ചെലവഴിച്ച കോടികൾ പ്രയോജനമില്ലാതെ സ്തംഭിച്ച അവസ്ഥയിലുമാണ്.മാലിന്യ നിർമാർജനം, സ്വകാര്യ ബസ്സ്റ്റാൻഡ്, അറവുശാല, ഷോപ്പിങ് കോംപ്ലക്സ്, സ്റ്റേഡിയം എന്നിവയാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
മാലിന്യനിർമാർജന പദ്ധതിയുടെ അഭാവം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണിയെ ഗൗരവത്തിലെടുക്കാൻ അധികൃതർ തയാറാകുന്നില്ല. മുക്കുമൂലകളിൽ മാലിന്യം നിറഞ്ഞ് കരിപ്പുഴ-മലയൻ കനാൽ അടക്കമുള്ള ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമായ സംസ്കരണ പദ്ധതി കടലാസിൽ മാത്രമാണ്. നിലവിലെ നിക്ഷേപകേന്ദ്രത്തിന് സമീപം പതിറ്റാണ്ടുമുമ്പ് വാങ്ങിയ നാല് ഏക്കർ സ്ഥലത്ത് ലക്ഷ്യമിട്ട പദ്ധതി ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടു.
യു.ഡി.എഫ് കാലത്ത് അംഗീകരിച്ച 3.75 കോടിയുടെ പദ്ധതിയുടെ 75 ശതമാനമായ 2.42 കോടി രൂപ 2014 ൽ ബാങ്ക് അക്കൗണ്ടിലേക്കും നൽകി. പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതി സ്ഥലത്ത് രണ്ട് ചുറ്റുമതിലും ഗ്രീൻബെൽറ്റും സ്ഥാപിച്ചു. എന്നാൽ, തുടർന്നുവന്ന എൽ.ഡി.എഫ് ഭരണം ഇൗ പദ്ധതിക്ക് വേണ്ടത്ര താൽപര്യം കാട്ടിയില്ല. കൊണ്ടുവന്ന പുതിയ പദ്ധതിയാകട്ടെ എങ്ങുമെത്താതെ നിൽക്കുന്നു.കേസുകളുടെ നൂലാമാലകളാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് തുറന്നുകൊടുക്കാൻ നിലവിൽ തടസ്സം. 2009ൽ തുടക്കം കുറിച്ച പദ്ധതി ഇടതു ഭരണസമിതി അധികാരത്തിൽ വന്നപ്പോഴാണ് പൂർത്തീകരിച്ചത്. എന്നാൽ, ഒന്നരപ്പതിറ്റാണ്ടായിട്ടും ഇത് തുറക്കാൻ കഴിയാത്തത് നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടത്തിനാണ് കാരണമാകുന്നത്.
ഭരണക്കാരെ സഹായിക്കാൻ പ്രതിപക്ഷ രക്ഷകൻ
കായംകുളം: ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ അവരെ രക്ഷപ്പെടുത്താൻ പ്രതിപക്ഷത്തുനിന്നുള്ള പിന്തുണ ചർച്ചയാകുന്നു. പ്രതിപക്ഷ സമരങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഭരണപക്ഷം വിയർക്കുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത സഹായവുമായി പ്രതിപക്ഷത്തുനിന്ന് ചിലർ എത്തുന്നത്.
പിൻവാതിൽ നിയമനം, ഭരണസ്തംഭനം, വാർഷികപദ്ധതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് നടത്തിയ റിലേ സത്യഗ്രഹം ഏറെ ചർച്ചയായിരുന്നു. അടുത്തഘട്ടമായി നഗരസഭ പൂട്ടിയിട്ട് നടത്തിയ ഉപരോധം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത ‘അക്രമത്തിലൂടെ’ സമരം അട്ടിമറിക്കപ്പെടുന്നത്. സ്വയം സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ ‘കസേരയാണ്’ ഇതിലും രക്ഷകനായി അവതരിച്ചത്. പ്രതിപക്ഷ കൗൺസിലർ കസേര നിലത്തടിക്കുന്നു. ഇത് ഒടിഞ്ഞ് പലരുടെ ദേഹത്ത് പതിക്കുന്നു. ചെയർപേഴ്സനെ ഭിത്തിയിലേക്ക് അമർത്തി ഞെരിക്കുന്നു. അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. കൈയിൽ പ്ലാസ്റ്റർ ഇടുന്നു. ഇതോടെ ചെയർപേഴ്സനെ അക്രമിച്ച വിഷയം ഉയർത്തിക്കാട്ടി ഭരണപക്ഷവും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. പ്രതിരോധം തീർക്കാനാകാതെ പ്രതിപക്ഷം ഉൾവലിയുന്നു. കഴിഞ്ഞതവണ ഭൂരിപക്ഷമില്ലാതെ ഭരിച്ച ഇടതുഭരണത്തിൽ വികസന പദ്ധതികൾ അട്ടിമറിക്കാൻ യു.ഡി.എഫിലെ ചില കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
വിജയത്തോട് അടുക്കുന്ന സമരത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ട് ഭരണക്കാർക്ക് സൗകര്യം ഒരുക്കിനൽകുന്ന രഹസ്യ ഇടപാടുകൾ ഏറെ ചർച്ചയായിരുന്നു. ഇത്തവണയും അതേ സാഹചര്യങ്ങൾ തന്നെയാണ് നഗരസഭയിൽ. വനിത കൗൺസിലർമാരെ അക്രമിച്ചുവെന്നതിന്റെ പേരിൽ രണ്ട് കേസുകളാണ് ഇതിനോടകം പ്രതിപക്ഷത്തിന് നേരിടേണ്ടിവന്നത്. അനവസരത്തിലെ അക്രമമാണ് രണ്ടുതവണയും വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.